ഇ-സിമ്മിന്റെ പേരിൽ മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപക സാമ്പത്തിക തട്ടിപ്പ്
text_fieldsകോട്ടയം: ഇ-സിം സംവിധാനത്തിലേക്ക് മാറാനുദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്തും സജീവം. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തി. മൊബൈൽ ഫോൺ ദാതാക്കളെ ലക്ഷ്യമിട്ടുള്ള ഈ തട്ടിപ്പിന് പിന്നിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർ ഉൾപ്പെട്ട സംഘമാണെന്നാണ് സംശയം. മൊബൈൽ ഫോൺ ദാതാക്കളുടെ കസ്റ്റമർ കെയറിന്റെ പേരുപയോഗിച്ച് വളരെ ആസൂത്രിതമായാണ് ഈ തട്ടിപ്പ്.
മൊബൈൽ ഫോൺ സർവിസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെന്ററിൽനിന്നെന്ന വ്യാജേന ഉപയോക്താക്കളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ് ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദേശിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. മൊബൈൽ സേവനദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു.ആർ കോഡ് തങ്ങൾ നൽകുന്ന വാട്സ്ആപ് നമ്പറിൽ അയച്ചുനൽകാനും അവർ നിർദേശിക്കും. പിന്നീടാണ് തട്ടിപ്പ്.
ക്യു.ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർതന്നെ ഉപയോക്താവിന്റെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ സിം കാർഡിന്റെ പൂർണനിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും ഉപയോക്താവിന്റെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യും. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമമാവുകയുള്ളൂ എന്ന് തട്ടിപ്പുകാർ ഉപയോക്താവിനെ അറിയിക്കും. ഈ സമയപരിധിക്കുള്ളിൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ഉപയോക്താവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം സംഘം ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.
ഈ തട്ടിപ്പ് കണ്ടെത്താനും പ്രയാസമാണ്. അതിനാൽ ഇത്തരത്തിൽ ഈ സംഘം നിരവധിപേരെ കബളിപ്പിക്കുകയാണ്. തട്ടിപ്പിന് വിധേയരായി പണം നഷ്ടപ്പെട്ട് നിരവധിപേർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്.
കസ്റ്റമർ കെയർ സെന്ററുകളിൽനിന്ന് എന്ന വ്യാജേന വരുന്ന ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവിസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യു.ആർ കോഡ്, ഒ.ടി.പി, പാസ്വേഡ് എന്നിവ പങ്കുവെക്കരുത്. സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും ‘ടു സ്റ്റെപ് വേരിഫിക്കേഷൻ’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
കെ.വൈ.സി അപ്ഡേഷൻ തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ്
കോട്ടയം: കെ.വൈ.സി അപ്ഡേഷൻ എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെ.വൈ.സി അപ്ഡേഷനെന്ന പേരിൽ ബാങ്കിൽനിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ അക്കൗണ്ടും പണവും നഷ്ടപ്പെടുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഈ തട്ടിപ്പെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഒ.ടി.പി ലഭിക്കും. അത് ബാങ്കിൽനിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.
ഒരുകാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.
കെ.വൈ.സി അപ്ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ വലയിൽ വീഴ്ത്താൻ ശ്രമിക്കും. അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്ന് വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടുകൂടി ഒ.ടി.പി ലഭിക്കും. അത് ബാങ്കിൽനിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതിയെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണം. ഒരുകാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കണം. പണം നഷ്ടമായി ആദ്യ ഒരുമണിക്കൂറിൽതന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.