സാമ്പത്തിക ക്രമക്കേട്: 35 സ്വിഫ്റ്റ് ജീവനക്കാർക്ക് പിഴ
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റിന്റെ ദീര്‍ഘദൂര ബസുകളില്‍ സാമ്പത്തിക ക്രമക്കേട് കാട്ടിയ 35 ജീവനക്കാര്‍ക്ക് പിഴ ചുമത്തി. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടിന്റെ തീവ്രത അനുസരിച്ച് 5000-7000 രൂപവരെ പലര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.
ബംഗളൂരു ബസിലെ യാത്രക്കാരനില്‍നിന്ന് ടിക്കറ്റ് നല്‍കാതെ ഗൂഗ്ള്പേയില് കണ്ടക്ടര്‍ ടിക്കറ്റ് തുക വാങ്ങിയ സംഭവത്തെ തുടര്‍ന്നാണ് വിജിലന്‍സ് വിഭാഗം വ്യാപക പരിശോധ നടത്തിയത്. ബസില്‍ ബാഗ് വെച്ച് മറന്നുപോയ യാത്രക്കാരന് സ്റ്റേഷന് മാസ്റ്റര്‍ ഓഫിസില്‍ എത്തിയിരുന്നു. പരാതി നല്കിയപ്പോള് സ്റ്റേഷൻ മാസ്റ്റര്‍ ടിക്കറ്റിന്റെ പകര്‍പ്പ് ചോദിച്ചു. അപ്പോഴാണ് താന്‍ കണ്ടക്ടര്‍ക്ക് ഗൂഗ്ള്പേയില് ടിക്കറ്റ് തുക നല്‍കിയെന്ന കാര്യം യാത്രക്കാരന് വ്യക്തമാക്കിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സ്വിഫ്റ്റ് ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ വ്യാപക ക്രമക്കേട് നടത്തുന്നതായി സൂചന ലഭിച്ചു. രണ്ടുദിവസത്തെ പരിശോധനയില്‍ 60 ജീവനക്കാരെ പിടികൂടിയിട്ടുണ്ട്. കണ്ടക്ടര്‍ ക്യാഷ് ബാഗില്‍ കൂടുതല്‍ തുക കണ്ടെത്തിയത് ഉൾപ്പെടെ നടപടിയെടുത്തിട്ടുണ്ട്. പൂര്‍ണമായും റിസര്‍വേഷനിലുള്ള ദീര്‍ഘദൂര ബസുകളില്‍ പരിശോധന കുറവാണ്. റിസര്‍വേഷന്‍ റദ്ദാക്കപ്പെടുന്ന സീറ്റുകളിലാണ് മറ്റു യാത്രക്കാരെ കയറ്റി ചില കണ്ടക്ടര്‍മാര്‍ പണം വാങ്ങിയിരുന്നത്. ഇന്‍സ്പെക്ടര്‍മാരുടെ കുറവും പരിശോധന കുറച്ചിട്ടുണ്ട്. 650 ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 350 ആയി ചുരുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.