തെറ്റുതിരുത്താനുറച്ച് സി.പി.എം; പി.കെ. ശശിക്ക് `ശനിദശ', വീണ്ടും നടപടിക്ക് സാധ്യത
text_fieldsതിരുവനന്തപുരം: സി.പി.എമ്മിൽ തെറ്റുതിരുത്തൽ നടപടി ശക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റമുതൽ സി.പി.എമ്മിനകത്ത് ശുദ്ധികലശം നടത്താനുള്ള നീക്കമാണുള്ളത്. ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നപടി സ്വീകരിച്ച് മാതൃക സൃഷ്ടിക്കാനാണ് തീരുമാനം. പാലക്കാട് സി.പി.എമ്മിൽ കെ.ടി.ഡി.സി. ചെയർമാനും മുൻ എം.എൽ.എ.യുമായ പി.കെ. ശശിക്കെതിരേ സ്വീകരിക്കാനിടയുള്ള അച്ചടക്ക നടപടിയാണ് ചർച്ച. സാമ്പത്തിക ക്രമക്കേടകളുൾപ്പെടെ ശശിക്കെതിരേയുള്ള പരാതി രണ്ട് സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങൾ അന്വേഷിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ചില നേതാക്കളുടെ വീഴ്ചകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
പുതിയ സാഹചര്യത്തൽ ഈ മാസം 11, 12 തീയതികളിൽ അടിയന്തര ജില്ല കമ്മിറ്റി യോഗം പാലക്കാട്ട് ചേരും. ഈ യോഗത്തിലായിരുന്നു തീരുമാനമെടുക്കാൻ സാധ്യത. സാമ്പത്തികക്രമക്കേട് ആരോപണമാണ് ശശിക്കെതിരേ പ്രധാനമായുമുള്ളത്.
സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരാണ് ഇതേക്കുറിച്ച് പരിശോധിച്ചത്. ഇവരുടെ റിപ്പോർട്ടിലും ശശിക്കെതിരായ വിവരങ്ങളാണുള്ളതെന്ന് പറയുന്നു. ഇതിനിടെ, മണ്ണാർക്കാട് ഏരിയാസെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയും ഗൗരവമുള്ളതാണ്.
സഹകരണസ്ഥാപനങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഏറെ ഗൗരവത്തോടെ കാണണമെന്നാണ് സി.പി.എം തിരുത്തൽരേഖയിൽ നിർദേശിക്കുന്നത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമാണ് പി.കെ.ശശി. ഡി.വൈ.എഫ്.ഐ. വനിതാനേതാവിനോട് മോശം പെരുമാറ്റമുണ്ടായെന്ന പരാതിയിൽ ഇദ്ദേഹത്തെ നേരത്തെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധിക്കുശേഷം പാർട്ടിയിൽ തിരിച്ചെത്തി ജില്ല കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമെത്തി. നേതാക്കൾക്കെതിരെ ഉയരുന്ന പരാതികൾ ഗൗരവത്തിൽ കാണണമെന്നും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിക്ക് നൽകുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.