പയ്യനാട് ഹോമിയോ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്; ക്ലർക്കിന് സസ്പെൻഷൻ
text_fieldsമഞ്ചേരി: രോഗികളിൽനിന്ന് ഈടാക്കുന്ന തുക ഗൂഗ്ൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ച് ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ജീവനക്കാരന് സസ്പെൻഷൻ. പയ്യനാട് ഹോമിയോ ആശുപത്രിയിലെ ക്ലർക്ക് സനൂജ് റിൻഫാനെയാണ് ഹോമിയോപ്പതി വകുപ്പ് അഡ്മിനിസ്ട്രേഷൻ ഓഫിസർ ആർ. വിഷ്ണു സസ്പെൻഡ് ചെയ്തത്. തുക വ്യക്തിഗത അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക വഴി ഗുരുതരവീഴ്ച വരുത്തിയതിനാലും പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനും രേഖകളിൽ കൃത്രിമം നടത്താനും സാധ്യതയുള്ളതിനാലുമാണ് സസ്പെൻഷനെന്ന് ഉത്തരവിൽ അറിയിച്ചു.
ഒ.പി. ടിക്കറ്റ്, ലാബ് ഫീസ് എന്നിവക്കായി രോഗികളിൽനിന്ന് സ്വീകരിക്കുന്ന തുക വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. ഇതിനായി ആശുപത്രി മുൻ സൂപ്രണ്ട് ഡോ. വി. അനിൽകുമാറിന്റെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചതായി ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ഹന്ന യാസ്മിൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനിൽകുമാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ക്ലർക്കിനെതിരെ വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പരാതിക്കാരനായ മുഹമ്മദ് ഫായിസ് ജൂൺ 20ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂലൈ എട്ടിന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, മെഡിക്കൽ ഓഫിസർ നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാലും പരാതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കൃത്യമായി സമർപ്പിച്ചിട്ടില്ലാത്തതിനാലും ഈ മാസം ഒമ്പതിന് ഹോമിയോപ്പതി വകുപ്പിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻഡിനെ അന്വേഷണ ഉദ്യോഗസ്ഥയായി നിയോഗിച്ചിരുന്നു. ഇവർ ജീവനക്കാർ, എച്ച്.എം.സി അംഗങ്ങൾ ഉൾപ്പെടെ 35 പേരുടെ മൊഴി രേഖപ്പെടുത്തി നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി. പരാതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
എച്ച്.എം.സി യോഗം ചേർന്ന് നടപടിക്ക് ശിപാർശയും ചെയ്തിരുന്നു. ഇതിനുപുറമെ സമയത്തിന് ഹാജരാകുന്നില്ലെന്നും ഹാജരാകാത്ത ദിവസങ്ങളിലും അസമയങ്ങളിലുമെത്തി അനധികൃതമായി സൂപ്രണ്ടിന്റെ അറിവോടെ രജിസ്റ്ററിൽ ഒപ്പ് വെക്കുന്നുണ്ടെന്നും കാണിച്ച് ആശുപത്രിയിലെ 19 ജീവനക്കാർ നൽകിയ മറ്റൊരു പരാതിയും സനൂജ് റിൻഫാനെതിരെയുണ്ട്. ഇക്കാര്യം അന്വേഷണ സമിതി പരിശോധനയിലും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.