ധനസെക്രട്ടറി റിപ്പോർട്ട് നൽകി; ട്രഷറി സോഫ്റ്റ്വെയർ സുരക്ഷാ ഒാഡിറ്റിന് വിധേയമാക്കണം
text_fieldsതിരുവനന്തപുരം: ആറുമാസത്തേക്ക് ട്രഷറിവകുപ്പിൽ മറ്റ് പരിഷ്കാരങ്ങൾ ഒഴിവാക്കി പകരം ഇപ്പോഴുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന് ധനകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി. ട്രഷറി സോഫ്റ്റ്വെയർ അടിയന്തരമായി സുരക്ഷാ ഒാഡിറ്റിന് വിധേയമാക്കണമെന്നും ട്രഷറി തട്ടിപ്പിെനക്കുറിച്ച് അന്വേഷിച്ച് സമർപ്പിച്ച റിേപ്പാർട്ടിൽ ആവശ്യപ്പെട്ടു.
ബിജുലാൽ നടത്തിയ തട്ടിപ്പിൽ മറ്റാർക്കും പങ്കുള്ളതായി കണ്ടെത്താനായില്ല. കലക്ടറുടെ അക്കൗണ്ടിൽനിന്ന് രണ്ട് കോടി സ്വന്തം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റാൻ സാങ്കൽപിക ചെക്ക് ബിജുലാൽ സൃഷ്ടിക്കുകയായിരുന്നു. ട്രഷറി ഒാഫിസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് ഇൗ ഇടപാട് പാസാക്കിയത്. വിരമിച്ച ട്രഷറി ഒാഫിസറിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇടപാട് റദ്ദാക്കിയതിനെ തുടർന്ന് പണം അക്കൗണ്ടിൽ തുടരുമെന്ന സാധ്യത ഉപയോഗിച്ച് പണം കൈക്കലാക്കാനായിരുന്നു ശ്രമം. ഡേ ബുക്ക് ക്ലോസ് ചെയ്തപ്പോൾ കണക്ക് പൊരുത്തപ്പെടാതെ വരുകയും തട്ടിപ്പ് പിടിക്കപ്പെടുകയുമായിരുന്നു. ഇതാണ് മുമ്പ് നടത്തിയ 73,99,900 രൂപയുടെ തട്ടിപ്പ് കണ്ടെത്താനും ഇടയാക്കിയതെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഇടപാട് നടന്ന ശേഷമുള്ള റദ്ദാക്കൽ സൗകര്യം തൽക്കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. കണക്കിൽ വന്നുപോകുന്ന പിഴവ് പരിഹരിക്കാനാണ് 'കാൻസൽ' ഒാപ്ഷൻ ഏർപ്പെടുത്തിയത്. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഇൗ നടപടിയാണ് വഞ്ചിയൂരിൽ തട്ടിപ്പിന് മറയാക്കിയത്. ഇൗ സാഹചര്യത്തിൽ സംസ്ഥാനത്ത് കാൻസൽ ചെയ്ത എല്ലാ ട്രഷറി ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
ജീവനക്കാർക്ക് ഒ.ടി.പി ഏർപ്പെടുത്തും
ട്രഷറി ജീവനക്കാർക്ക് ഒാൺലൈൻ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനാണ് ഒ.ടി.പി (വൺ ടൈം പാസ്വേഡ്) സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് നിർബന്ധമാക്കണമെന്നും ധനകാര്യ സെക്രട്ടറിയുടെ ശിപാർശ. ഒരാളുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് മറ്റൊരാൾ ഇടപാടുകൾ നടത്തുന്നത് ഇതുവഴി തടയാനാകും. ആരുടെയാണോ യൂസർനെയിം അയാളുടെ ഫോണിലേക്കാണ് ഒ.ടി.പി എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.