പ്രതിസന്ധി അയയാതെ ധനസ്ഥിതി; വരവ് കൂടിയിട്ടും കേരളം വലയുന്നു
text_fieldsതിരുവനന്തപുരം: ജി.എസ്.ടിയും മദ്യവരുമാനവുമടക്കം വരവുകൾ വർധിച്ചിട്ടും പ്രതിസന്ധിക്ക് അയവ് വരാതെ സംസ്ഥാനത്തിന്റെ ധനസ്ഥിതി. വരുമാന വർധന പ്രതീക്ഷിച്ച നിലയിൽ ഉയരാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണമടുത്തതോടെ അധിക ചെലവുകൾക്കായി മുണ്ടുമുറുക്കുന്നുണ്ടെങ്കിലും ഞെരുക്കം കനക്കും.
ജി.എസ്.ടി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസം 8978.67 കോടിയായിരുന്നെങ്കിൽ ഇത്തവണ 10,606.75 കോടിയായി ഉയർന്നു. 18.13 ശതമാനം വർധന. ജൂലൈയിലെ മാത്രം ജി.എസ്.ടി വരവ് 2534 കോടിയാണ്. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് 17.26 ശതമാനം വർധന. ഇന്ധന നികുതിയിനത്തിൽ ജൂൺവരെ 2146.29 കോടിയാണ് ഖജനാവിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2098.19 കോടിയായിരുന്നു. മദ്യവരുമാനം 2742.01 കോടിയിൽനിന്ന് 2820.9 കോടിയുമായി. ഈ വർഷം ജൂൺവരെ 14,000 കോടിയാണ് സർക്കാറിന്റെ ചെലവ്. ഇത് കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വളരെ ഉയർന്നതോതാണ്. ഈ ചെലവുകൾ കടമെടുത്താണ് നിർവഹിച്ചത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ജി.എസ്.ടി അടക്കം വരുമാനം ഉയർന്നത് ശുഭസൂചനയാണെങ്കിലും വർധിച്ച ചെലവുകൾക്ക് മുന്നിൽ ഇതുകൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ല. ഭൂമി രജിസ്ട്രേഷൻ, വിൽപന നികുതി, ലാൻഡ് റവന്യു, മറ്റു നികുതികൾ എന്നിവയിലെ വരുമാനം ലക്ഷ്യമിട്ടതനുസരിച്ച് സമാഹരിക്കാനായിട്ടില്ല. ഇതാണ് ഓണമടുത്ത സാഹചര്യത്തിൽ 10 ലക്ഷം രൂപ പരിധിയിൽ ട്രഷറി നിയന്ത്രണത്തിന് വഴിയൊരുങ്ങിയത്. 2013ൽ എടുത്ത 1500 കോടിയുടെ വായ്പ തിരിച്ചടവിനുള്ള സമയം കൂടിയായതിനാൽ ഞെരുക്കം കടുക്കും.
ഇന്ധന സെസ് പിരിവും പ്രതീക്ഷിച്ച നിലയിൽ ആയിട്ടില്ല. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍വരെ 197.8 കോടി രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയത്. ഏപ്രിലില്‍ 7.44 കോടി രൂപയും മേയില്‍ 84.76 കോടിയും ജൂണില്‍ 105.6 കോടിയും. ഏപ്രിലിൽ 19.73 കോടി ലിറ്റർ പെട്രോൾ വിറ്റഴിഞ്ഞിട്ടും സെസ് തുക കുറഞ്ഞത് സെസ് ചോർച്ചയിലേക്കും വിരൽചൂണ്ടുന്നുണ്ട്. 36 മേഖലകൾ നികുതിയേതര വരുമാന സ്രോതസ്സുകളായി നിർണയിച്ചിട്ടുണ്ടെങ്കിലും ഇവ പ്രയോജനപ്പെടുത്താനും സർക്കാറിന് താൽപര്യമില്ല. വനത്തിൽനിന്ന് 2012 ൽ 20 ശതമാനം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏഴു ശതമാനമാണ്. പ്രതിസന്ധി മറികടക്കാൻ ഓണം ശമ്പള അഡ്വാൻസ് വെട്ടിക്കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന ശിപാർശ ധനവകുപ്പിന് മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.