സാമ്പത്തിക ക്രമക്കേട്: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള നിർദേശം അട്ടിമറിച്ചു
text_fieldsകോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ കർശന നടപടിയെടുക്കാനുള്ള ധനവകുപ്പിെൻറ നിർദേശം വിവിധ ഭരണ വകുപ്പുകൾ അട്ടിമറിച്ചു. ധനവകുപ്പ് ഉദ്യോഗസ്ഥർ ദിവസങ്ങളോളം പരിശോധന നടത്തി തയാറാക്കി മന്ത്രിതലത്തിൽ അംഗീകരിച്ച റിപ്പോർട്ടുകളിലെ ശിപാർശകളും നിർദേശങ്ങളുമാണ് ജലരേഖയാക്കിയത്. ധനവകുപ്പ് നിർദേശം നിലനിൽക്കെ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് അന്വേഷണം നടത്തി കുറ്റാരോപിതർക്ക് ക്ലീൻചീറ്റ് നൽകിയിരുന്നു. ഇത് മറയാക്കിയാണ് നടപടി നിർദേശം കാറ്റിൽ പറത്തിയത്. ഇതോടെ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ സംഭവങ്ങളിൽവെര കുറ്റാരോപിതർ ഒരു നടപടിയും നേരിടാതെ തൽസ്ഥാനങ്ങളിൽ തുടരുന്നു.
ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട് അട്ടിമറിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നതോടെ, നിർദേശങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിെര വകുപ്പുതല നടപടി സ്വീകരിക്കാൻ ധനവകുപ്പ് നിർദേശിച്ചിരിക്കുകയാണിപ്പോൾ. വകുപ്പുകൾക്ക് കൈമാറിയ റിപ്പോർട്ടിൽ എന്തെല്ലാം നടപടി ഇതുവരെ സ്വീകരിച്ചെന്ന് രണ്ടാഴ്ചക്കകം വ്യക്തമാക്കാനും എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മേധാവികൾക്കും അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.
സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ ഇല്ലാതാക്കാനും ഭരണ വകുപ്പുകളിലെ ആഭ്യന്തര പരിശോധന വിഭാഗം ശക്തിപ്പെടുത്താൻ നേരത്തേതന്നെ ഒാഡിറ്റ് മോണിറ്ററിങ് സമിതികൾ രൂപത്കരിച്ചിരുന്നു. വകുപ്പ് മേധാവി അധ്യക്ഷനായി ഫിനാൻസ് ഒാഫിസർ/അക്കൗണ്ട് ഒാഫിസർ, സീനിയർ സൂപ്രണ്ട്/ ജൂനിയർ സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സമിതിയോട് മുടങ്ങിക്കിടക്കുന്ന ഒാഡിറ്റുകൾ 2019 ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.