മാലിന്യനിക്ഷേപം; ഓൺലൈൻ വിവരശേഖരണം ഹിറ്റായി; പിഴയായെത്തിയത് 25 ലക്ഷം
text_fieldsകൊച്ചി: പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ച ഓൺലൈൻ വിവരശേഖരണത്തിൽ പിഴ ഈടാക്കിയത് 25 ലക്ഷം രൂപ. പൊതുസ്ഥലങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച കുറ്റകൃത്യങ്ങൾ ഫോട്ടോയായോ വിഡിയോയായോ തദ്ദേശ സ്ഥാപനങ്ങളിൽ അറിയിച്ചതു വഴിയാണ് ഈ തുക പിഴയായി ഈടാക്കിയത്. രണ്ട് മാസത്തിനിടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഇത്തരത്തിൽ 369 പേർ വിവരം നൽകി. ഇവരിൽ 29 പേർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പ്രതിഫലവും നൽകി.
മാലിന്യനിക്ഷേപത്തെക്കുറിച്ച് വാട്ട്സ്ആപ് അല്ലെങ്കിൽ ഇ-മെയിൽ വഴി വിവരം നൽകാനും അങ്ങനെ വിവരം നൽകുന്നവർക്ക് കുറ്റക്കാരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ അല്ലെങ്കിൽ പരമാവധി 2500 രൂപയോ പ്രതിഫലമായി നൽകാനും രണ്ടുമാസം മുമ്പാണ് സർക്കാർ തീരുമാനിച്ചത്. നിയമലംഘനം നടത്തിയ വ്യക്തി പിഴ തദ്ദേശ സ്ഥാപനത്തിൽ അടച്ച് ഒരുമാസത്തിനകം വിവരം നൽകിയയാൾക്ക് പ്രതിഫലം നൽകണമെന്നായിരുന്നു നിർദേശം.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പരാതി നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും വകുപ്പിന്‍റെ നിർദേശമുണ്ട്. ഇതോടൊപ്പം മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരിൽനിന്ന് സ്ക്വാഡുകൾ വഴി 1.6 കോടി രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.