കോർപറേഷനെതിരായ പിഴ ഉത്തരവ്; സർക്കാറുമായി ആലോചിച്ചശേഷം അപ്പീൽ -മേയർ
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നൂറുകോടി പിഴചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാറുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ. സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും വിധിയിലെ പരാമർശത്തിലുള്ളതിനാലാണ് അപ്പീൽ കാര്യത്തിൽ അത്തരത്തിൽ ആലോചനകൾ ആവശ്യമായി വന്നത്. നികുതിദായകരുടെ പണമാണ് കൊടുക്കേണ്ടത്. അതിനാൽ കൃത്യമായ ആലോചനകളും ചർച്ചകളും നടത്തേണ്ടതുണ്ട്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമകൾക്കെതിരെ ഒരു ശിക്ഷ നടപടിയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ നടപ്പാക്കുമ്പോൾ ആവശ്യമായ സൗകര്യം ഏർപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഉറവിട മാലിന്യ സംസ്കരണം സംബന്ധിച്ച് നഗരവാസികൾക്ക് നിരവധി സംശയങ്ങളുണ്ട്. അതിനാൽ, നിയമത്തിന്റെ തർക്കങ്ങളിലേക്കല്ല പോകുന്നത്.
ഫ്ലാറ്റുകളിൽ കുറഞ്ഞ ചെലവിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാനായാൽ എല്ലാവരും സഹകരിക്കുമെന്ന വിശ്വാസമാണുള്ളത്. യുക്തമെന്ന് തോന്നുന്ന ആരെയും ഫ്ലാറ്റുകളിലെ മാലിന്യ സംസ്കരണത്തിന് സമീപിക്കാം. ആരെവെച്ച് വേണമെങ്കിലും മാലിന്യം സംസ്കരിക്കാം. ഒരു ലോബിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേയിൽ വിപുലമായ കാമ്പയിൻ നടത്താൻ ആലോചിക്കുന്നുണ്ട്. കാമ്പയിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചുമതലയേറ്റെടുത്തത് മുതൽ ബ്രഹ്മപുരത്തെ കാര്യങ്ങൾ നേർവഴിക്കാക്കാൻ ശ്രമിച്ചയാളാണ് താൻ. എന്നാൽ, സംഭവിച്ചത് തിരിച്ചാണ്. ബ്രഹ്മപുരത്തെ മുറിപ്പാട് മാറ്റി ആരുടെമുന്നിലും തലയുയർത്തി നിർത്താൻ കഴിയുന്ന പ്ലാന്റാക്കി മാറ്റാനുള്ള തീരുമാനം സർക്കാർ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി കോർപറേഷൻ പരിധിയിലെ മാലിന്യനിർമാർജനം സംബന്ധിച്ച് മേയർ, സിറ്റി പൊലീസ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ സി.എം.എഫ്.ആർ.ഐയിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്, റോട്ടറി ക്ലബ്ബ്, ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചൻസ് ചേംബർ, ക്രെഡായി, എറണാകുളം ഡിസ്ട്രിക്ട് റെസിഡന്റ്സ് അസോസിയേഷൻസ് കൗൺസിൽ, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷൻ, ക്ലാസിഫൈഡ് ഹോട്ടൽസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.