ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്
text_fieldsകൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയിൽനിന്ന് (ഫിയോക്) നടൻ ദിലീപിനെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ നീക്കം. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയർമാനും ആന്‍റണി ആജീവനാന്ത വൈസ് ചെയർമാനുമാണ്. ഇരുവരുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച സംഘടനയിൽനിന്ന് ഇവരെ പുറത്താക്കുന്നത് സിനിമ മേഖലയിലെ നിർണായക നീക്കമാവും.
പുറത്താക്കുന്നതിന്‍റെ ഭാഗമായി സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യും. 31ന് ചേരുന്ന ജനറൽ ബോഡിയിലാണ് തുടർനടപടികൾ തീരുമാനിക്കുക. മോഹൻലാലിന്‍റെ ബിഗ്ബജറ്റ് ചിത്രം മരക്കാറിന്‍റെ പ്രദർശനവുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ഫിയോക്കിലെ മറ്റു ഭാരവാഹികൾക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ തുടർച്ചയാണ് പുതിയ നീക്കം. 2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ പിളർപ്പുണ്ടായതിനെ തുടർന്നാണ് ഫിയോക് രൂപവത്കൃതമായത്.
രൂപവത്കരണത്തിന് മുന്നിൽനിന്നവരെന്ന നിലക്ക് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മത്സരം പാടില്ലെന്ന് ഭരണഘടനയിൽ നിബന്ധന ഉൾപ്പെടുത്തി ഇരുവരെയും ആജീവനാന്ത ഭാരവാഹികളാക്കുകയായിരുന്നു. എന്നാൽ, ഈ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് പ്രസിഡന്‍റ് വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.