കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ബേക്കറിയിൽ തീപിടിത്തം; ആറ് ലക്ഷം രൂപയുടെ നഷ്ടം
text_fieldsകോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷന് എതിർവശത്തെ ബേക്കറിക്ക് തീപിടിച്ചു. വേങ്ങേരി സ്വദേശി പി.ടി. ഫക്രുദീന്റെ ഉടമസ്ഥതയിലുള്ള കൊളംബോ ബേക്കറിക്കാണ് ചൊവ്വാഴ്ച പുലർച്ചെ തീപിടിച്ചത്.
ഏകദേശം രണ്ട് മണിയോയൊണ് സംഭവം. ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്ക് പി.ആർ.ഒ റസാക്കാണ് ബേക്കറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് മീഞ്ചന്ത അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും രണ്ട് യൂനിറ്റ് അഗ്നിശമന വാഹനം എത്തിയാണ് തീയണച്ചത്.
നിലയത്തിൽ നിന്ന് റോബിൻ വർഗീസിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഇ. ശിഹാബുദീൻ, കെ.വി. സജിലൻ എന്നിവരുടെയും നേതൃത്വത്തിൽ ഫയർ റെസ്ക്യു ഓഫീസർമാരായ എൻ. ബിനീഷ്, എ. ലൈജു, വി.പി. രാഗിൻ, പി. രാഹുൽ, വി.കെ അനൂപ്, സി.പി. ബിനീഷ്, കെ. ശിവദാസൻ, ഒ.കെ പ്രജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കെട്ടിടം പ്രമീള എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ബേക്കറിയിലുണ്ടായിരുന്ന രണ്ട് എൽ.പി.ജി സിലിണ്ടറുകളും ഡീസൽ കാനും ഉടനെ മാറ്റിയതിനാലും കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചതിനാലും തീ പടരാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ബേക്കറി സാധനങ്ങൾ, ജനറെറ്റർ, ഫ്രിഡ്ജ്, കൂളർ, കാബിനറ്റുകൾ, റാക്കുകൾ തുടങ്ങി ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.