മാലിന്യ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം
text_fieldsതേഞ്ഞിപ്പലം: ദേവതിയാലിലെ അജൈവ മാലിന്യസംഭരണ കേന്ദ്രത്തിൽ (എം.സി.എഫ്) ദുരൂഹ സാഹചര്യത്തിൽ തീപിടുത്തം. തേഞ്ഞിപ്പലം പഞ്ചായത്തിലെ 17 വാർഡുകളിൽനിന്നായി ഹരിതകർമസേന മാസങ്ങളായി ശേഖരിച്ച 15 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് അഗ്നിബാധയുണ്ടായത്.
ദേവതിയാൽ കാരിമഠത്തെ മുൻ വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ് തേഞ്ഞിപ്പലം പഞ്ചായത്തിന്റെ എം.സി.എഫ് പ്രവർത്തിക്കുന്നത്. ഇവിടത്തെ രണ്ട് കെട്ടിടങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യമാണ് തീപിടിച്ച് നശിച്ചത്. ഒരു കെട്ടിടം പൂർണമായും ഒരു കെട്ടിടം ഭാഗികമായും തകർന്നു. കെട്ടിടങ്ങൾക്കിടയിൽ ഏഴ് മീറ്റർ അകലമുണ്ട്. എന്നാൽ ഇരു കെട്ടിടങ്ങൾക്കും ഇടയിൽ തീപിടുത്തമുണ്ടായി. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് രൂക്ഷഗന്ധത്തോടെ പുക പരന്നതോടെ പ്രദേശത്തെ വീടുകളിലുള്ള വയോധികരെയും രോഗികളെയും മാറ്റി പാർപ്പിച്ചു. എം.സി.എഫിന് സമീപം താമസിക്കുന്നവർ തീപിടുത്ത വിവരം വാർഡ് അംഗം പി.വി. ജാഫർ സിദ്ദീഖിനെ അറിയിക്കുകയും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അറിയിക്കുകയുമായിരുന്നു.
കോഴിക്കോട് മീഞ്ചന്ത, താനൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂനിറ്റെത്തി ഞായറാഴ്ച ഉച്ചയോടെയാണ് തീ പൂർണമായും അണച്ചത്. തീ അണക്കാൻ നീരോൽപ്പലം തോട്ടിൽനിന്നുൾപ്പെടെ 20 ടാങ്കർ വെള്ളം വേണ്ടിവന്നു. സംഭവത്തെത്തുടർന്ന് തിരൂരങ്ങാടി തഹസിൽദാർ, തേഞ്ഞിപ്പലം വില്ലേജ് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതിയംഗങ്ങൾ, തേഞ്ഞിപ്പലം പൊലീസ്, ആരോഗ്യ ശുചീകരണ വിഭാഗം, ഹരിതകർമസേന എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്തംഗം ജാഫർ സിദ്ദീഖിന്റെ വീട്ടിൽ ഞായറാഴ്ച രാവിലെ 10.30 ഓടെ അടിയന്തര യോഗം ചേർന്നു.
തീപിടിച്ചതും അല്ലാത്തതുമായ മാലിന്യം അടിയന്തരമായി എടുത്തുമാറ്റാനും തീരുമാനിച്ചു. ഇതുപ്രകാരം ജെ.സി.ബി ഉപയോഗിച്ച് ഞായറാഴ്ച രാത്രിയോടെ മാലിന്യം ലോറിയിലാക്കി ഗ്രീൻവോയ്സ് പ്രവർത്തകർ ചെറുമുക്കിലെ കേന്ദ്രത്തിലേക്ക് മാറ്റി. പ്ലാസ്റ്റിക് കൊണ്ടുപോകാൻ ഏൽപ്പിച്ച ഗ്രീൻ വോയ്സിന് ഒമ്പത് ലക്ഷം രൂപ നൽകാനുള്ളതിനാലാണ് പ്ലാസ്റ്റിക് മാലിന്യം സമയബന്ധിതമായി കൊണ്ടുപോകാതിരുന്നത്. ഇതാണ് തീപിടുത്തത്തിനിടയാക്കിയത്. ഇൗ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
അഗ്നിബാധക്കൊപ്പം ചൂടുപിടിച്ച് മാലിന്യ വിവാദം
അലംഭാവം കാണിച്ചവർക്കെതിരെ നടപടിക്ക് ആവശ്യം
തേഞ്ഞിപ്പലം: അജൈവ മാലിന്യം എടുത്തു കൊണ്ടുപോകാൻ ഗ്രീൻ വോയ്സിന് പ്രതിഫലം നൽകുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. കേന്ദ്ര സർക്കാറിന്റെ സി.എഫ്.സി ഫണ്ട് ലഭ്യമാകുന്നത് വൈകിയതിനാൽ പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് തുക വകയിരുത്തിയെങ്കിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
അതിനാൽ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. മാലിന്യം കൃത്യമായ ഇടവേളകളിൽ എടുത്തു കൊണ്ടുപോകാതെ കുന്നുകൂട്ടി ഒടുവിൽ അഗ്നിബാധയിലൂടെ ഗുരുതര സാഹചര്യമുണ്ടായതിനാൽ കാരി മഠത്തിൽ പ്രദേശത്ത് എം.സി.എഫ് ഇനി അനുവദിക്കില്ലെന്നും മാലിന്യം സംഭരിക്കുന്നത് തടയുമെന്നും സമരസമിതി നേതാവായിരുന്ന ഏഴാം വാർഡ് അംഗം പി.വി. ജാഫർ സിദ്ദീഖ് വ്യക്തമാക്കി.
ഏഴ് മാസം മുമ്പ് സമരരംഗത്തിറങ്ങിയ ഘട്ടത്തിൽ പഞ്ചായത്ത് ഭരണസമിതി നൽകിയ ഉറപ്പൊന്നും പാലിച്ചില്ലെന്നും കടുത്ത അലംഭാവമാണ് കാട്ടിയതെന്നുമാണ് ആരോപണം. മാലിന്യ പ്രശ്നത്തേക്കാൾ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്ന് വാർഡ് അംഗം പറഞ്ഞു. എന്നാൽ തീപിടുത്തം ആസൂത്രിതമാണെന്ന സംശയത്തിലാണ് പഞ്ചായത്ത് അധികൃതരും പോലീസും. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ലഭ്യമായാൽ അവ പരിശോധിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.