തീപിടിത്തം: ബ്ലീച്ചിങ് പൗഡർ ഗുണമേന്മയുള്ളതെന്ന്
text_fieldsതിരുവനന്തപുരം: കെ.എം.എസ്.സി.എൽ ഗോഡൗണുകളിലെ ആവർത്തിച്ചുള്ള തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണെന്ന് ആവർത്തിക്കുമ്പോഴും ലഭിച്ച സാമ്പിളുകൾ ഗുണമേന്മയുള്ളതാണെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട്.
തിരുവനന്തപുരത്തെ ഗോഡൗണിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന ഫലം കെ.എം.എസ്.സി.എല്ലിന് ഡ്രഗ്സ് കൺട്രോൾ വിഭാഗം കൈമാറിയിട്ടുണ്ട്. ഉയർന്ന ക്ലോറിൻ സാന്നിധ്യമാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ ആവർത്തിക്കുന്നതിനിടെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട്.
ബ്ലീച്ചിങ് പൗഡറിലെ ക്ലോറിന്റെ അളവാണ് പ്രധാനമായും പരിശോധിച്ചത്. ക്ലോറിൻ സാന്നിധ്യം മാനദണ്ഡപ്രകാരമുള്ള അളവായ 30 ശതമാനം അധികരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കൾ ബ്ലീച്ചിങ് പൗഡറുമായി ചേർന്ന് കത്തിയതാണോ എന്ന നിലയിലാണ് പുതിയ നിഗമനം.
☺സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചതല്ലാതെ ആവർത്തിച്ചുണ്ടാകുന്ന തീ പിടിത്തത്തെക്കുറിച്ച് പ്രതികരിക്കാൻ ആരോഗ്യമന്ത്രി തയാറായിട്ടില്ല. കൊല്ലത്തിനു പിന്നാലെ, തിരുവനന്തപുരത്ത് തീ പിടിത്തമുണ്ടായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചത്.
പിന്നാലെ, ആലപ്പുഴയിലും തീ പിടിത്തമുണ്ടായിട്ടും പ്രഖ്യാപിച്ച രീതിയിലെ സുരക്ഷ ഓഡിറ്റ് ആരംഭിച്ചിട്ടില്ല. ദുരൂഹത കനപ്പെടുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗത തുടരുകയാണ്. കെ.എം.എസ്.സി.എൽ അധികൃതരാകട്ടെ, പ്രതികരിക്കാൻ തയാറായതുമില്ല. കെ.എം.എസ്.സി.എല്ലിന്റെ വെബ്സൈറ്റ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
മരുന്നും സുരക്ഷ ഉപകരണങ്ങളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയടക്കം വിവരങ്ങൾ വെബ്സൈറ്റിലുണ്ടായിരുന്നു. തീപിടിത്തത്തിനുപിന്നാലെയാണ് വെബ്സെറ്റ് ലഭ്യമല്ലാതായത്. രാസപരിശോധന ഫലം ലഭ്യമായാലേ തീപിടിത്തത്തിന്റെ യഥാർഥ കാരണങ്ങൾ വ്യക്തമാകൂ.
എന്നാൽ, ഏത് ലാബിലാണ് പരിശോധന നടക്കുന്നത് എന്നതിനെ കുറിച്ചും അവ്യക്തത തുടരുകയാണ്. തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ ലാബിലും പൊലീസിന്റെ ഫോറൻസിക് ലാബിലുമാണ് പരിശോധന നടക്കേണ്ടത്. എന്നാൽ, ചീഫ് കെമിക്കൽ ലാബിൽ തിങ്കളാഴ്ച ഉച്ച വരെയും സാമ്പിളുകൾ ലഭിച്ചിട്ടില്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.