കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിൽ തീപിടിത്തം; നാലുനില കത്തിനശിച്ചു
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് വളപ്പിൽ ജനറൽ വാർഡിനുസമീപം ജനറൽ സർജറി വാർഡിന് നിർമിക്കുന്ന എട്ടുനില കെട്ടിടത്തിന് തീപിടിച്ചു. ഒന്നാംനിലയിൽനിന്ന് നാലാംനില വരെ പടർന്ന തീ അഗ്നിരക്ഷാസേനയുടെ 10 യൂനിറ്റ് രണ്ടര മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് അണച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന നിർമാണത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
പാചകവാതക സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. കനത്ത തീയും പുകയും ഏറെനേരം ജനത്തെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഒന്നാംനിലയിൽ തീപിടിത്തം ഉണ്ടായത്. മാലിന്യം തരം തിരിച്ച് ചാക്കിലാക്കുന്ന തൊഴിലാളികളാണ് കെട്ടിടത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവർ ആശുപത്രി അധികൃതരെയും ഉടൻ അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. ഇതിനിടെ, കെട്ടിടത്തിനുള്ളിൽ നിർമാണത്തിലേർപെട്ടിരുന്ന നൂറോളം തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തീപിടിത്തം ഉണ്ടായി 45 മിനിറ്റിനുശേഷം കോട്ടയത്തുനിന്ന് ആദ്യ അഗ്നിരക്ഷായൂനിറ്റ് സ്ഥലത്തെത്തി. അപ്പോഴേക്കും അടുക്കാനാവാത്ത വിധം തീ ആളിപ്പടർന്നിരുന്നു. കനത്ത പുക ഉയർന്നുപരന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ പുക കാണാമായിരുന്നു. ഇടക്കിടെ പൊട്ടിത്തെറികളും ഉണ്ടായി. തൊട്ടടുത്ത വാർഡുകളിൽനിന്ന് രോഗികളും കൂട്ടിരിപ്പുകാരും അലമുറയിട്ട് ഇറങ്ങിയോടി. തീ പടർന്നുപിടിച്ചതോടെ ചങ്ങനാശ്ശേരി, വൈക്കം, ഈരാറ്റുപേട്ട, പാമ്പാടി സ്റ്റേഷനുകളിൽനിന്നും അഗ്നിരക്ഷാസേന എത്തി. ഉച്ചക്ക് രണ്ടരയോടെയാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. മറ്റ്കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
സിലിണ്ടറിൽനിന്ന് തീ പടർന്നെന്ന് സംശയം
അഗ്നിബാധക്ക് കാരണം കെട്ടിട നിർമാണത്തൊഴിലാളികൾ പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് സംശയം. വയറിങ് പൂർത്തിയായിട്ടില്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾ, നിർമാണത്തിന് ആവശ്യമായ വെൽഡിങ് മെഷീൻ, വയറിങ് സാധനങ്ങൾ, കെട്ടിടം വാർക്കാൻ ഉപയോഗിക്കുന്ന പലകകൾ എന്നിവയാണ് കത്തിനശിച്ചത്.
തീ കത്തിയ ചൂടുകൊണ്ട് സിമൻ്റ് കട്ടകളും സിലിണ്ടറുകളും പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദവും കേട്ടിരുന്നു. കാർഡ് ബോർഡിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ ടൺകണക്കിന് നിർമാണസാമഗ്രികളും തീപിടിത്തത്തിന് ആക്കം കൂട്ടി. വിശദ അന്വേഷണത്തിനുശേഷമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ എന്നിവർ അറിയിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി
ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, ആർ.എം.ഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ല ഓഫിസർ അനൂപ് രവീന്ദ്രൻ, എസ്.എച്ച്.ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലടങ്ങുന്ന സംഘമാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ അതിനുള്ള സാധ്യത എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പാചകം ചെയ്യാൻ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.