എറണാകുളത്ത് രണ്ടിടത്ത് വൻ തീപിടിത്തം; ആക്രി കടയിലും ഹോട്ടലിലുമാണ് തീപിടിത്തമുണ്ടായത്, ഒമ്പത് തൊഴിലാളികളെയും ഒരു പെൺകുട്ടിയെയും രക്ഷപ്പെടുത്തി
text_fieldsകൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു.
തീ പൂർണമായി അണച്ചെങ്കിലും കനത്ത പുക ഉയരുന്നുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് അടക്കമുള്ള ആക്രി സാധനങ്ങൾ നീക്കി തീ പൂർണമായി അണക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗോഡൗണിന്‍റെ വാതിൽ തകർത്താണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്.
അർധരാത്രി രണ്ട് മണിയോടെയാണ് ശിവപാർവതി എന്ന പേരിൽ പ്രവർത്തിക്കുന്ന ആക്രികടക്കാണ് തീപിടിച്ചത്. സൗത്ത് മേൽപാലത്തിൽ നിന്ന് 100 മീറ്റർ അകലെ ശിവപാർവതി ടൂറിസ്റ്റ് ഹോമിന് പിൻവശത്താണ് സംഭവം. പൊലീസ് കൺട്രോൾ റൂം വാഹനം പെട്രോളിങ് നടത്തുന്നതിനിടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിക്കുകയായിരുന്നു.
ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. കൂടാതെ, അപകടസ്ഥലത്തിന് സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കുന്നവരെ മുൻകരുതലിന്‍റെ ഭാഗമായി അധികൃതർ ഒഴിപ്പിച്ചു. പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ പെയ്യുന്നത് വലിയ ആശ്വാസമായി.
അതേസമയം, സൗത്ത് െറയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. എന്നാൽ, സൗത്ത് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. പാലത്തിലാണ് അഗ്നിശമനസേനയുടെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സൗത്ത് എ.സി.പി രാജ് കുമാറും അഗ്നിശമനസേനയും മാധ്യമങ്ങളെ അറിയിച്ചു. സിനിമ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രി ഗോഡൗൺ.
അതേസമയം, നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്.
ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു. തീപിടിത്തത്തിൽ ഹോട്ടൽ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു.
ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.