റോഡിൽ മെതിക്കാനിട്ട മുതിരയിൽനിന്ന് തീപടർന്നു, മലയാളി യുവാക്കളുടെ കാർ കത്തിയമർന്നു
text_fieldsബംഗളൂരു: പുതുവത്സരാഘോഷം കഴിഞ്ഞ് ഗുണ്ടൽപേട്ടിൽനിന്ന് തിരിച്ചുപോകുന്ന മലയാളി യുവാക്കൾ സഞ്ചരിച്ച സ്കോർപിയോ കാർ ഓടുന്നതിനിടെ കത്തി. തലനാരിഴക്കാണ് ആളപായം ഒഴിവായത്. വിളവെടുത്ത മുതിര കർഷകർ മെതിക്കാനായി റോഡിൽ ഏറെ ദൂരം വിതറിയിരുന്നു. ഇത് കാറിന്‍റെ ടയറുകൾക്കിടയിൽ കുടുങ്ങുകയും വേഗതയിൽ റോഡിൽ ഉരയുകയും കാറിന് തീപിടിക്കുകയുമായിരുന്നു. ഉടൻതന്നെ യുവാക്കൾ ഇറങ്ങി ഓടിയതിനാലാണ് വൻദുരന്തം ഒഴിവായത്.
ഗുണ്ടൽപേട്ട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആറ് മലയാളി യുവാക്കളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ബന്ദിപൂർ, ഹിമവദ് ഗോപാലസ്വാമി ഹിൽ തുടങ്ങിയവ സന്ദർശിച്ച ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കർണാടകയിലെ ഉൾപ്രദേശങ്ങളിൽ വിളവെടുത്ത വിവിധ ഇനങ്ങൾ മെതിക്കാനായി റോഡിൽ ഏറെ നീളത്തിൽ കർഷകർ വിതറാറുണ്ട്. ഇത്തരത്തിൽ ഇവർ സഞ്ചരിച്ച റോഡിൽ മുതിര വിതറിയിരുന്നു.
ടയറുകൾ വേഗത്തിൽ കയറിയിറങ്ങവെ മുതിരയും റോഡും ടയറും തമ്മിൽ ഉരസി തീ ഉണ്ടാവുകയായിരുന്നു. ഡോർ ഗ്ലാസുകൾ അടച്ചിരുന്നതിനാൽ തീ പടർന്ന കാര്യം ആദ്യം യുവാക്കൾ അറിഞ്ഞിരുന്നില്ല. പിന്നീട് മണം വന്നതോടെ ഇവർ കാറിൽനിന്ന് അതിവേഗം പുറത്തിറങ്ങി ഓടുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ ടാങ്കിന് തീ പിടിക്കുകയും കാർ പൂർണമായും കത്തിയമരുകയുമായിരുന്നു. അഗ്നിശമനസേനയും ഗുണ്ടല്‍പേട്ട് പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ജനുവരിയിൽ വിളവെടുപ്പ് സജീവമാകുമ്പോൾ മെതിക്കലിനായി നെല്ല്, കുത്തരി, റാഗി, മുതിര വിളകള്‍ റോഡിൽ വിതറുന്നത് പതിവാണ്. വാഹനങ്ങൾ സഞ്ചരിക്കുന്നതോടെ തൊണ്ടില്‍നിന്ന് വിളകൾ വേർപെടും. പിന്നീട് കർഷകർ എത്തി ഇവ ശേഖരിക്കുകയാണ് ചെയ്യുക. തൊഴിലാളികളുെട കൂലി ഇനത്തിൽ വൻതുക ലാഭിക്കാനാണിത് ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.