ആദ്യത്തെ ഫോൺകാള്‍ മുതൽ രക്ഷാകരം നീട്ടി അഗ്നിരക്ഷാ സേന; ദുരന്തമുഖത്ത് ഏഴാം ദിവസവും 600 സേനാംഗങ്ങൾ
text_fieldsമുണ്ടക്കൈ: ഉരുള്‍ ജലപ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോൺ കാള്‍ മുതൽ രാപ്പകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന അഗ്നിരക്ഷാ സേന. കേന്ദ്രസേനകളും മറ്റ് രക്ഷാസംഘങ്ങളും എത്തുന്നതിനും മുമ്പെ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ദുരിതബാധിതരിലേക്ക് രക്ഷയുടെ കരങ്ങളെത്തിക്കുകയായിരുന്നു അഗ്നിരക്ഷാ സേനാംഗങ്ങള്‍. സേനയിലെ 600 പേരാണ് ദുരന്തമുഖത്ത് ഏഴാം ദിവസവും രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. കൊച്ചിയില്‍ നിന്നെത്തിയ സ്കൂബ ഡൈവിങ് വിങ്ങിലെ അറുപത് പേരടങ്ങിയ സംഘവും തുടക്കം മുതല്‍ സജീവമാണ്.
ദുരന്തമുഖങ്ങളില്‍ കൂടുതല്‍ പരിശീലനം ലഭിച്ച ഫയര്‍ റെസ്ക്യൂ സ്പെഷല്‍ ടാസ്ക് ഫോഴ്സ്, റോപ് റെസ്ക്യൂ ടീം, സിവില്‍ ഡിഫന്‍സ് ടീം, ആപ്താ റെസ്ക്യൂ വളന്റിയേഴ്സ് എന്നിവരും രംഗത്തെത്തി. റീജനല്‍ ഫയര്‍ ഓഫിസര്‍മാരായ പി. രജീഷ്, അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ തന്നെ കല്പറ്റ ഫയര്‍ഫോഴ്സ് ഓഫിസിലേക്ക് പ്രദേശവാസിയുടെ വിളിയെത്തി. കനത്ത മഴയെ അവഗണിച്ച് 15 അംഗ സംഘം ചൂരൽമലയിലേക്ക് കുതിച്ചു.
മേപ്പാടി പോളിടെക്നിക് കോളജിനുസമീപം വഴിയിൽ വീണുകിടന്ന മരം മുറിച്ചു മാറ്റി വഴിയൊരുക്കിയാണ് സംഘം യാത്ര തുടര്‍ന്നത്. മുണ്ടക്കൈയിലേക്കുള്ള പാലം കടക്കാന്‍ ശ്രമിച്ചതോടെ പാലം തകര്ന്നുവീഴുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിനുപിന്നാലെയാണ് വലിയ ശബ്ദത്തോടെ ചൂരല്‍മലയെയും ഉരുള്‍ വിഴുങ്ങുന്നത്. ഉയരത്തിലുള്ള തോട്ടത്തിലേക്ക് ഓടിക്കയറിയാണ് ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കിയത്. പിന്നീടുള്ള ഭയാനകമായ കാഴ്ചകള്‍ക്കും സേന സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.