ബുർവിയെ നേരിടാൻ സർവസജ്ജരായി അഗ്നിരക്ഷാസേന
text_fieldsകൊച്ചി: ബുർവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് അഗ്നിരക്ഷാസേന. എറണാകുളം, ഇടുക്കി ജില്ലകളിൽ എണ്ണൂറിലേറെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വിഭാഗത്തിൽനിന്ന് 1300ഓളം പേരും സർവസന്നാഹത്തോടെ തയാറാണെന്ന് എറണാകുളം റീജനൽ ഫയർ ഓഫിസർ കെ.കെ. ഷിജു അറിയിച്ചു. എറണാകുളം ജില്ലയിൽ പത്തും ഇടുക്കിയിൽ നാലും ഡിങ്കി ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഔട്ട്ബോർഡ് എൻജിനുകളും പ്രവർത്തനസജ്ജമാണ്.
മലയോര, തീരദേശ മേഖലകളിൽ പ്രത്യേകമായി ശ്രദ്ധയൂന്നാനാണ് അഗ്നിരക്ഷാസേന ശ്രമിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഹാം റേഡിയോ ക്ലബുകളെ പങ്കെടുപ്പിച്ച് വിവര കൈമാറ്റ ശൃംഖല രൂപീകരിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്.
എറണാകുളം ഗാന്ധിനഗറിലെ അഗ്നിരക്ഷാസേന യൂനിറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 101, 0484 2205550 നമ്പറുകളിൽ ബന്ധപ്പെടാം. രണ്ട് മണിക്കൂറിലൊരിക്കൽ വിവരങ്ങൾ ക്രോഡീകരിക്കും.
എറണാകുളം ജില്ലയിലെ 600 ജീവനക്കാർ, 900 സിവിൽ ഡിഫൻസ് അംഗങ്ങൾ, ഇടുക്കിയിലെ 200 ജീവനക്കാർ, 400 സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരെ രക്ഷാപ്രവർത്തനത്തിന് ഒരുക്കിനിർത്തിയിട്ടുണ്ട്. സ്കൂബ ഡൈവിങ് ടീമും രംഗത്തുണ്ടാകും.
പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
- വെള്ളിയാഴ്ച കെട്ടിടനിർമാണ ജോലി ഒഴിവാക്കണം.
- മരങ്ങൾക്കടിയിൽ വാഹനം പാർക്ക് ചെയ്യരുത്
- പരിസരത്ത് വലിയ മരങ്ങളുണ്ടെങ്കിൽ വീട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.