ചെറുവണ്ണൂരിലെ തീപിടിത്തം: സമീപവീടുകളിലെ മണ്ണും വെള്ളവും പരിശോധിക്കും
text_fieldsഫറോക്ക്: പെയിന്റ് ഉൽപന്ന സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സമീപ വീടുകളിൽനിന്നു മണ്ണും വെള്ളവും ശേഖരിച്ചു. രാസലായനി വ്യാപിച്ച് പ്രദേശത്തെ മണ്ണും വെള്ളവും മലിനപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് സാമ്പിൾ ശേഖരിച്ചത്. കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് സമീപത്തെ നാലു വീടുകളിൽനിന്നു കുടിവെള്ളവും രണ്ടു മേഖലകളിൽനിന്നായി മണ്ണും ശേഖരിച്ചത്. ഇവ ലബോറട്ടറി പരിശോധന നടത്തി ആരോഗ്യ വകുപ്പിനു റിപ്പോർട്ട് നൽകും.
രാസലായനി കത്തിപ്പടർന്നുണ്ടായ പുകശ്വസിച്ചു പരിസരവാസികളിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് സാമൂഹിക ആരോഗ്യകേന്ദ്രം നേതൃത്വത്തിൽ പ്രദേശത്ത് മെഡിക്കൽ ക്യാമ്പും സർവേയും നടത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ മുഴുവൻ വീടുകളും സന്ദർശിച്ച ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചു.
തീ പിടിച്ച ഗോഡൗണിന് സമീപത്തെ കാലിക്കറ്റ് ടൈൽ കമ്പനി റോഡ്, ടി.പി. റോഡ്, മമ്മിളിക്കടവ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനം. ഇതോടൊപ്പം യൂനിറ്റി റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസും നടത്തി. സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഹൈഫ മൊയ്തീൻ, ഡോ. കെ. അഹ്ന, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സ്വപ്ന, ജെ.എച്ച്.ഐ കെ.ബബിത ആശ ജെ.പി.എച്ച്.എൻ എം.കെ. ബീന, അംഗൻവാടി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.