ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; മൂന്ന് സ്കൂട്ടറുകൾ കത്തിനശിച്ചു
text_fieldsആലപ്പുഴ: നഗരത്തിലെ ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലെ സർവിസ് സെന്ററിൽ തീപിടിത്തം. മൂന്ന് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു. 40 സ്കൂട്ടറുകൾക്ക് നേരിയ കേടുപാട് സംഭവിച്ചു. ആലപ്പുഴ തിരുവമ്പാടി ജങ്ഷനുസമീപത്തെ യെഡ് ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.
ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. ഷോറൂമിനോട് ചേർന്നുള്ള സർവിസ് സെന്ററിൽ ഉടമയുടെ സാന്നിധ്യത്തിൽ സ്കൂട്ടർ നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈസമയം പുറത്തുനിന്ന് എത്തിയയാൾ തന്റെ സ്കൂട്ടർ സർവിസ് നടത്തണമെന്ന് മെക്കാനിക്കിനോട് ആവശ്യപ്പെട്ടു. ഇത് കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞതോടെ സ്കൂട്ടർ വെച്ച് പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്.
ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഈസമയം ആദ്യം സ്കൂട്ടറുമായി സർവിസിന് എത്തിയയാളും മെക്കാനിക്കും വനിത ജീവനക്കാരിയും മാത്രമാണുണ്ടായിരുന്നത്. ഇതടക്കമുള്ള സ്കൂട്ടറുകളാണ് കത്തിനശിച്ചത്. കനത്തപുകയിൽ സമീപത്തെ 40 സ്കൂട്ടറുകൾക്ക് നേരിയ കേടുപാട് സംഭവിച്ചു. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് ഒരുമണിക്കൂർ സമയമെടുത്താണ് തീകെടുത്തിയത്. ഷോറൂമിൽനിന്ന് പുകപുറത്തേക്ക് പോകാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
തുടർന്ന് ബ്ലോവർ ഉപയോഗിച്ച് പൂർണമായും പുക കളഞ്ഞശേഷമാണ് അഗ്നിരക്ഷാസേന അകത്ത് പ്രവേശിച്ചത്. അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.ആർ. അനിൽകുമാർ, ഫയർ ഓഫിസർമാരായ ആർ. രതീഷ്, ആർ. മഹേഷ്, ജെി.എസ്. ശ്രീജിത്ത്, ആർ. ഷുഹൈബ്, ജസ്റ്റിൻ ജേക്കബ്, ടി.ജെ. ജിജോ, ജി. ഷൈജു, കെ.എസ്.ഷാജി, വി. പ്രവീൺ, എ.ഡി. പ്രിയധരൻ, എം. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.