കോഴിക്കോട് നഗരത്തിൽ ഗോഡൗണിന് തീപിടിച്ചു; ഒമ്പതു പേരെ രക്ഷിച്ചു
text_fieldsകോഴിക്കോട്: നഗരത്തിൽ പരിഭ്രാന്തി പരത്തി പാളയം എം.പി റോഡിൽ ചെരിപ്പ് ഗോഡൗണിന് തീപിടിച്ചു. ഫയർഫോഴ്സിെൻറയും കട ഉടമകളുടെയും തൊഴിലാളികളുടെയും ജാഗ്രത കാരണം ആർക്കും പരിക്കില്ല.
പാളയത്തുനിന്ന് മിഠായിതെരുവിലേക്കുള്ള റോഡിൽ വി.കെ.എം ബിൽഡിങ്ങിലെ മുകൾനിലയിൽ ഹംന ഫൂട്വെയറിെൻറ ഗോഡൗണിനാണ് വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെ തീപിടിച്ചത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനുകളിലെ ഏഴു യൂനിറ്റ് സംഘമെത്തി അരമണിക്കൂറിനകം തീയണച്ചു. ഒരു സ്ത്രീയടക്കം ഒമ്പതു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മാനാഞ്ചിറയിൽനിന്ന് പാളയത്തേക്കുള്ള റോഡിൽ മുക്കാൽ മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. വൈദ്യുതിബന്ധമില്ലാത്ത കടയിൽ മെഴുകുതിരി കത്തിച്ചുെവച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് നിഗമനം. കൂടുതൽ പരിശോധനകൾ ശനിയാഴ്ച നടക്കും.
ബിൽഡിങ്ങിലെ കടകളിലെ തൊഴിലാളികളിൽ പലരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു തീപിടിത്തം. പുക ഉയരുന്നത് താഴെ എതിർവശത്തുള്ള കടകളിലുള്ളവരും ചുമട്ടുതൊഴിലാളികളുമാണ് ആദ്യം കണ്ടത്. സമീപത്തെ കടകളിൽ സൂക്ഷിച്ച അഗ്നിശമനി കുറ്റികൾ ഉപയോഗിച്ച് തീകെടുത്താനായിരുന്നു ആദ്യശ്രമം. വിവരമറിയിച്ച് മൂന്നു മിനിറ്റിനകം ബീച്ച് ഫയർഫോഴ്സ് സംഘമെത്തി. സമീപത്തെ ഫിഫ സ്പോർട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ഫയർഫോഴ്സിെൻറ കൂറ്റൻ കോണി വഴി സുരക്ഷിതമായി താഴെയെത്തിച്ചു.
രണ്ടകാൽ ലക്ഷം രൂപയുടെ ചെരിപ്പ് കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിന് ഒന്നര ലക്ഷം രൂപയുെട നഷ്ടമുണ്ടെന്നും ഫയർഫോഴ്സ് അറിയിച്ചു. കരിക്കാംകുളം സ്വദേശി ഹനീഫയുടേതാണ് ചെരിപ്പ് ഗോഡൗൺ. മുഹമ്മദ് തബ്സീറാണ് വി.കെ.എം ബിൽഡിങ്ങിെൻറ ഉടമ. റീജനൽ ഫയർ ഓഫിസർ ടി. രജീഷ്, ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ ടി. സതീശ്, മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, അസി. ഫയർ ഒാഫിസർമാരായ വി.കെ. ബിജു, പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സബ് കലക്ടർ ചെൽസാസിനി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ, കൗൺസിലർമാരായ എസ്.കെ അബൂബക്കർ, കെ. മൊയ്തീൻ കോയ, ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ, സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മിഠായിതെരുവിൽ ഇടക്കിടെ തീപിടിക്കുന്നതിന് ശാശ്വത പരിഹാരം കാണുെമന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അശാസ്ത്രീയമായും നിയമവിരുദ്ധമായും െകട്ടിടങ്ങളും മറ്റുമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്ത അനുഭവ പാഠം തുണയായി; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: മിഠായി തെരുവിലും മൊയ്തീൻ പള്ളി റോഡിലും മുമ്പു പലതവണയുണ്ടായ തീപിടിത്തങ്ങളിൽനിന്നുൾക്കൊണ്ട പാഠം തുണയാവുന്നതാണ് വെള്ളിയാഴ്ച കണ്ടത്.2000 ത്തോളം കടകളുള്ള തെരുവിലെ ചെറിയ തീ പോലും വൻ അപകടമായി മാറും. വെള്ളിയാഴ്ച ഉച്ചക്ക് 2.15നുണ്ടായ തീപിടിത്തത്തിൽ ആദ്യം പരിഭ്രാന്തരായെങ്കിലും മിനിറ്റുകൾക്കകം പതിവുപേലെ നഗരമൊന്നായി രക്ഷാപ്രവർത്തനത്തിനിറങ്ങി.
കടകളിലെല്ലാം ചുരുങ്ങിയത് രണ്ട് അഗ്നിശമന കുറ്റികൾ വെക്കണമെന്ന് ഫയർഫോഴ്സ് കർശന നിർദേശം നൽകിയിരുന്നു. തീപിടിച്ച ഉടൻ മുപ്പതോളം കടകളിൽനിന്നുള്ള അഗ്നിശമന കുറ്റികൾ വ്യാപാരികളും തൊഴിലാളികളും ചേർന്ന് ഉപയോഗിച്ചതോടെ ആളിപ്പടരുന്നത് തടയാനായി. 2.24ന് സന്ദേശം കിട്ടിയയുടൻ കുതിച്ചെത്തിയ ഫയർഫോഴ്സിെൻറ മികച്ച ഇടപെടലും തുണയായി. ഇടുങ്ങിയ റോഡിൽ കുതിച്ചെത്താൻ ബുദ്ധിമുട്ടിയ ഫയർ എൻജിനുകൾക്ക് ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേർന്ന് വഴിയൊരുക്കി.
പട്ടാളപ്പള്ളിക്കും പാളയം ജങ്ഷനുമിടയിൽ ജി.എച്ച് റോഡടച്ച് പൊലീസും തിരക്ക് നിയന്ത്രിച്ചു. മിഠായി തെരുവിൽ 2007ൽ തീപിടിത്തത്തിൽ എട്ടുപേർ മരിച്ചതിനെ തുടർന്ന് വ്യാപാരികളും അധികൃതരും കൈക്കൊണ്ട സുരക്ഷാ ക്രമീകരണങ്ങൾ നിരവധിയാണ്. എല്ലാ വർഷവും തെരുവിൽ ഫയർഫോഴ്സ് പരിശോധന നടത്തി വേണ്ട നിർദേശങ്ങൾ നൽകുന്നു.
എം.പി റോഡ് മർച്ചൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തൊഴിലാളികളടക്കമുള്ള 30 ഓളം യുവാക്കളുടെ സംഘമാണ് അഗ്നിശമന കുറ്റികളുമായി ആദ്യമിറങ്ങിയതെന്ന് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ ഗഫൂർ കാതിയേടത്ത് പറഞ്ഞു. പൊലീസ് സീൽ ചെയ്ത കട ശനിയാഴ്ച ഫോറൻസിക് വിഭാഗം പരിശോധിക്കും.
പേടിക്കാതെ നിന്നു; ഒടുവിൽ ഫയർഫോഴ്സ് രക്ഷക്കെത്തി
കോഴിക്കോട്: ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുേമ്പാഴാണ് വി.കെ.എം ബിൽഡിങ്ങിലെ മൂന്നാമത്തെ നിലയിൽ ഫിഫ സ്പോർട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്ദു പുറത്തുനിന്ന് ആളുകളുടെ ശബ്ദം കേട്ടത്. പുറേത്തക്കു നോക്കിയപ്പോൾ താഴെ റോഡിൽനിന്ന് നിരവധി പേർ രക്ഷപ്പെടാൻ വിളിച്ചുപറഞ്ഞു. എന്നാൽ, താഴേക്കുള്ള വഴിയിൽ പുക ഉയരുന്നതിനാൽ ആ വഴി പോകാനായില്ല. മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടാനും പറ്റാത്ത അവസ്ഥ. ഇതിനിടെ കുറച്ചു പേർ രക്ഷപ്പെട്ടിരുന്നു. എന്നാൽ, ഫിഫ സ്പോർട്സിലേക്ക് തീപടർന്നിരുന്നില്ല. പേടിക്കേണ്ടതില്ലെന്നും ഫയർഫോഴ്സ് ഉടൻ എത്തുമെന്നും താഴെയുള്ളവർ പറഞ്ഞതിനാൽ പേടി തോന്നിയിരുന്നില്ലെന്ന് ബിന്ദു പറഞ്ഞു. പിന്നീട് ഫയർഫോഴ്സിെൻറ നീളൻകോണി വഴി ബിന്ദുവിനെ താഴെ എത്തിക്കുകയായിരുന്നു. കായിക ഉപകരണങ്ങൾ വിൽക്കുന്ന ഈ കടയിൽ രണ്ടു വർഷമായി ജോലി ചെയ്യുകയാണ് പറമ്പിൽ ബസാർ സ്വദേശിനിയായ ബിന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.