ട്രെയിനിലെ തീവെപ്പ്: ചുമതലകൾ വീതിച്ച് അന്വേഷണത്തിന് രൂപരേഖയാക്കി
text_fieldsകോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തീവെച്ച കേസിൽ പ്രത്യേക സംഘം യോഗം ചേർന്ന് കേസന്വേഷണത്തിന്റെ ചുമതലകൾ വീതിച്ചുനൽകി. തുടർ നടപടികൾക്കുള്ള രൂപരേഖയും തയാറാക്കി. ഉത്തരമേഖല എ.ഡി.ജി.പിയുടെ കോഴിക്കോട്ടെ ഓഫിസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ആദ്യയോഗം ചേർന്നത്.
കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയ സംഘം തുടരന്വേഷണം ഏതൊക്കെ നിലയിൽ മുന്നോട്ടുകൊണ്ടുപോകണം എന്നതിൽ രൂപരേഖ തയാറാക്കുകയും ചെയ്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അജിത് കുമാർ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ ആദ്യയോഗമാണ് ചേർന്നത്. പുരോഗതി വിലയിരുത്തുകയും രൂപരേഖ തയാറാക്കുകയും ചെയ്തു.
അന്വേഷണത്തിന് എന്തെല്ലാം നടപടിവേണമോ അതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീ കത്തിയ ട്രെയിൻ കമ്പാർട്ട്മെന്റിലും സംഭവം നടന്ന എലത്തൂരിലെ ട്രാക്കിലും പരിശോധന നടത്തിയ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) ഐ.ജി ജി.എം. ഈശ്വർ റാവുവുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തി.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടേതെന്നു കരുതുന്ന ബാഗ് ഉൾപ്പെടെ പരിശോധിച്ച ഫിംഗർപ്രിന്റ് ടെസ്റ്റർ ഇൻസ്പെക്ടർ വി.പി. കരീം, വിദഗ്ധൻ പി. ശ്രീരാജ്, ഫോറൻസിക് വിഭാഗം സയിന്റിഫിക് ഓഫിസർ ഡോ. മുഹമ്മദ് ഹിപ്സുദിൻ എന്നിവരിൽ നിന്നുള്ള വിവരവും അന്വേഷണ സംഘം ശേഖരിച്ചു.
ഉത്തരമേഖല ഐ.ജി നീരജ് കുമാർ ഗുപ്ത, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. പി. വിക്രമൻ, സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ട്രെയിൻ തീവെപ്പ്: യു.പിയിൽ ഒരാളെ ചോദ്യംചെയ്തുവിട്ടു
ബുലന്ദ്ഷഹർ: കോഴിക്കോട്ട് എക്സിക്യൂട്ടിവ് എക്സ്പ്രസിലെ തീവെപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. ബുലന്ദ്ഷഹറിലെ അക്ബറാബാദിലെ സൈന പൊലീസ് സ്റ്റേഷൻ പിരിധിയിൽനിന്ന് ഷാറൂഖ് എന്നയാളെയാണ് യു.പി പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തശേഷം വിട്ടയക്കുകയായിരുന്നു. ഷാറൂഖ് കഴിഞ്ഞ രണ്ടു മാസമായി വീട്ടിൽതന്നെയുണ്ടെന്ന് പിതാവ് അമീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.