തീപിടിത്തം: കെ.പി.പി.എൽ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിലെ (കെ.പി.പി.എൽ) കോടികൾ വിലയുള്ള പേപ്പർമെഷീൻ കത്തി നശിച്ചതോടെ കമ്പനിയുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിൽ. അറ്റകുറ്റപ്പണിക്കായി മാസങ്ങളോളം കമ്പനി അടച്ചിടേണ്ടി വരും. ചൊവ്വാഴ്ച അറ്റകുറ്റപ്പണി തുടങ്ങുമെന്നും ഒരു മാസം കഴിഞ്ഞ് പ്രവർത്തനം പുനരാരംഭിക്കുമെന്നും സ്പെഷൽ ഓഫിസർ പറയുന്നുണ്ടെങ്കിലും തൊഴിലാളികൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനിടെ, തൊഴിലാളി പ്രശ്നങ്ങളിലും സുരക്ഷ സംബന്ധിച്ചും വ്യക്തത വരുത്താത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നിസ്സഹകരണം ആരംഭിച്ചു.
യോഗം വിളിച്ച് പ്രശ്നപരിഹാരം ഉറപ്പു നൽകാതെ ജോലിയിൽ സഹകരിക്കില്ലെന്നാണ് യൂനിയൻ നിലപാട്. കഴിഞ്ഞ വ്യാഴാഴ്ച ൈവകീട്ടുണ്ടായ തീപിടിത്തത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത എച്ച്.എൻ.എല്ലിന്‍റെ ആരംഭകാലം മുതലുള്ള ‘വോയിത്ത്’ എന്ന പേപ്പർമെഷീനാണ് കത്തിനശിച്ചത്. ഇതോടെ പ്ലാന്‍റിന്‍റെയും കമ്പനിയുടെയും പ്രവർത്തനം നിലച്ചു. അറ്റകുറ്റപ്പണിക്കുള്ള കോടികൾ കണ്ടെത്തുന്നതിനൊപ്പം 50 വർഷം പഴക്കമുള്ള മെഷീന്‍റെ സ്പെയർപാർട്സുകളും ലഭ്യമായാലേ പ്രവർത്തനം സാധാരണ ഗതിയിലെത്തൂ.
ജോലി സ്ഥിരപ്പെടുത്താത്തതടക്കം അടിസ്ഥാന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റ് മുതൽ യൂനിയൻ പ്രക്ഷോഭരംഗത്താണ്. കരാർ രേഖ കൈപ്പറ്റാതെയാണ് നിലവിൽ തൊഴിലാളികൾ ജോലിചെയ്യുന്നത്. ഇതിനിടെയുണ്ടായ തീപിടിത്തം ഇവരെ അരക്ഷിതാവസ്ഥയിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ആശങ്കകൾ കേൾക്കാനോ കൃത്യമായ മറുപടി നൽകാനോ മാനേജ്മെന്‍റും തയാറാവുന്നില്ല. ആനുകൂല്യങ്ങളോ സുരക്ഷയോ ഇല്ലാതെയാണ് 2022 ജനുവരി മുതൽ തൊഴിലാളികൾ ജോലിചെയ്യുന്നത്.
245 കരാർ തൊഴിലാളികളും അമ്പതോളം അപ്രന്‍റീസുമാരും നൂറോളം ദിവസവേതനക്കാരുമാണ് ഇവിടെയുള്ളത്. ഇതിൽ കരാർ തൊഴിലാളികൾ എച്ച്.എൻ.എല്ലിലെ സ്ഥിരം ജീവനക്കാരായിരുന്നു. ആറുമാസത്തിനകം ഇവരെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായമന്ത്രി വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായില്ല.
ഓരോ ആറുമാസവും കൂടുമ്പോൾ കരാർ പുതുക്കി നൽകുകയാണ്. കുറഞ്ഞ ജോലിക്കാരെവെച്ച് കൂടുതൽ പണിയെടുപ്പിച്ച് തങ്ങളെ ചൂഷണം ചെയ്യുകയാണ് മാനേജ്മെന്‍റ് എന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്രസർക്കാർ ലേലത്തിനുവെച്ച എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ 146 കോടി രൂപ നൽകി ഏറ്റെടുക്കുകയായിരുന്നു.
ഉത്തരവാദി സ്പെഷൽ ഓഫിസറെന്ന് സി.ഐ.ടി.യു
കോട്ടയം: കെ.പി.പി.എല്ലിലെ തീപിടിത്തത്തിന് ഉത്തരവാദി സ്പെഷൽ ഓഫിസറെന്ന് സി.ഐ.ടി.യു യൂനിയൻ. ഭരണപക്ഷ തൊഴിലാളി സംഘടനയായ കേരള പേപ്പർ പ്രൊഡക്ട്സ് എംപ്ലോയീസ് യൂനിയനാണ് സ്പെഷൽ ഓഫിസർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. സ്പെഷൽ ഓഫിസറുടെ ഏകാധിപത്യ നിലപാടുകൾ ഇനി അനുവദിച്ചുതരില്ലെന്നും താക്കീത് നൽകുന്നു.
സി.ഐ.ടി.യു ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളിൽ ചിലത്:
* തീപിടിത്തമുണ്ടായ പ്ലാന്‍റിലെ ഡ്രൈ എൻഡിൽ നാലുപേർ ജോലി ചെയ്തിരുന്നു. ഇവരുടെ എണ്ണം രണ്ട് ആക്കി കുറച്ചു. വെറ്റ് എൻഡിൽ രണ്ട് ജീവനക്കാർക്ക് പകരം ഒരാളെയും സഹായത്തിന് ജോലിപരിചയം ഇല്ലാത്ത അപ്രന്‍റിസ് ട്രെയിനിയെയും നിയോഗിച്ചു. മെഷീന്‍റെ എല്ലാ ഭാഗത്തുംപോയി നോക്കാൻ ആളില്ലാതെ വന്നു.
* യൂനിയനുകൾ നിരന്തരം ആവശ്യപ്പെടുന്ന വിഷയമാണ് ഫയർ സ്റ്റേഷനും ആശുപത്രിയും പുനഃസ്ഥാപിക്കുക എന്നത്. എന്നാൽ, മാനേജ്മെന്റ് ഫയർ സ്റ്റേഷനിൽ ബാക്കി ഉണ്ടായിരുന്ന രണ്ടുപേരെ വാട്ടർ ഫിൽറ്ററേഷൻ പ്ലാന്‍റിലേക്ക് സ്ഥലംമാറ്റുകയാണ് ചെയ്തത്. രണ്ട് ഫയർ എൻജിനും ഒരു ജീപ്പും വെറുതെ കിടന്നു നശിക്കുന്നു. രണ്ടാഴ്ച മുമ്പ് കൽക്കരിക്ക് തീപിടിച്ചതിനെ തുടർന്ന് വെള്ളൂർ സ്റ്റേഷൻ സ്പെഷൽ ബ്രാഞ്ച് ഓഫിസർ ഫയർ സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
* സ്ഥാപനത്തിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ സ്പെഷൽ ഓഫിസർക്ക് കമ്പനിയെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല. താൽക്കാലികമായി സ്ഥാപനം പ്രവർത്തിപ്പിച്ച് കാണിക്കുക എന്നതല്ലാതെ വർഷങ്ങളോളം നിലനിൽക്കണമെന്ന ആഗ്രഹത്തോടെ തീരുമാനങ്ങൾ എടുക്കുന്നില്ല.
* കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കില്ല. ജോലി സംബന്ധമായ കാര്യങ്ങളിൽ യൂനിയനുകളോട് കൂടിയാലോചനകൾ ഇല്ലാതെ സ്പെഷൽ ഓഫിസറും ജനറൽ മാനേജറും കമേഴ്സ്യൽ വകുപ്പ് മേധാവിയുംകൂടി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത് സ്ഥാപനത്തിന് ഗുണകരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.