ട്രെയിനിലെ തീവെപ്പ്; ആക്രമി കസ്റ്റഡിയിലെന്ന് സൂചന
text_fieldsകണ്ണൂർ: കേരളത്തെ നടുക്കി, കോഴിക്കോട് എലത്തൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ തീവെപ്പിനു പിന്നിൽ ഡൽഹിക്കടുത്ത നോയ്ഡ സ്വദേശിയെന്ന് അന്വേഷണ സംഘം. കോഴിക്കോട്ടെ കെട്ടിടനിർമാണ തൊഴിലാളിയായ ഷഹറൂഖ് സെയ്ഫിയാണ് തീവെപ്പിനു പിന്നിലെന്നാണ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ ലോഡ്ജിൽനിന്ന് സംശയകരമായ സാഹചര്യത്തിൽ ഇയാൾ പിടിയിലായെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം അന്വേഷണ സംഘം നിഷേധിച്ചു. ട്രെയിൻ ആക്രമണക്കേസിൽ ആരും കസ്റ്റഡിയിലില്ലെന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡ് ഐ.ജി പി. വിജയൻ അറിയിച്ചു.
ഞായറാഴ്ച രാത്രിയുണ്ടായ ട്രെയിൻ ആക്രമണത്തിനു പിന്നാലെ, കണ്ണൂർ മട്ടന്നൂർ സ്വദേശികളായ കൊട്ടാരത്തിൽ നൗഫീഖ് (35), പാലോട്ട് പള്ളി റഹ്മത്ത് (46), സഹോദരിയുടെ മകൾ കോഴിക്കോട് ചാലിയം കുന്നുമ്മൽ സഹറ ബത്തൂൽ (രണ്ടര) എന്നിവരുടെ മൃതദേഹങ്ങൾ ട്രാക്കിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമി പെട്രോൾ ഒഴിച്ച് തീവെച്ചതിനെ തുടർന്ന് എട്ടു പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ട്രെയിനിൽ കണ്ടെടുത്ത ബാഗിൽനിന്ന് ലഭിച്ച ഫോണിന്റെ ഐ.എം.ഇ.ഐ കോഡ് ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണ ലക്ഷ്യമെന്ത് എന്ന് അറിഞ്ഞില്ലെങ്കിലും കൃത്യമായ ആസൂത്രണമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായും സൂചനയുണ്ട്. കാലിന് പൊള്ളലേറ്റ ഒരാൾ ഞായറാഴ്ച രാത്രിയോടെ ജില്ല ആശുപത്രിയിൽ വ്യാജപേരും ഫോൺ നമ്പറും നൽകി ചികിത്സക്കെത്തി. അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചതോടെ ആളെ കാണാതായി. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ കണ്ണൂർ ജില്ല ആശുപത്രിയിൽനിന്ന് ഈ വിവരം പൊലീസിനെ അറിയിച്ചു. ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി സി.സി.ടി.വി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഇതേക്കുറിച്ച് ഒന്നും കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
ഞായറാഴ്ച രാത്രി 9.30നാണ് കേട്ടുകേൾവിയില്ലാത്ത സംഭവം അരങ്ങേറിയത്. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിൻ എലത്തൂര്‍ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അക്രമങ്ങളുടെ തുടക്കം. ഡി2 കോച്ചില്‍നിന്ന് ഡി1 കോച്ചിലേക്ക് രണ്ടു കുപ്പി പെട്രോളുമായി ആക്രമിയെത്തി യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്നുനിന്നത് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. ആക്രമി അപ്പോഴേക്കും ഓടിമറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. പുലർച്ച രണ്ടു മണിയോടെ റെയില്‍വേ ട്രാക്കിനു സമീപത്തുനിന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
മട്ടന്നൂർ പാലോട്ടുപള്ളിയിലെ റഹ്മത്തിന്റെ മൃതദേഹം തിങ്കളാഴ്ച പാലോട്ടുപള്ളി ജുമ മസ്ജിദ് ഖബർസ്ഥാനിലും കൊടോളിപ്രത്തെ നൗഫീക്കിന്റെ മൃതദേഹം എടയന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. രണ്ടു വയസ്സുകാരി സഹറയെ കോഴിക്കോട് ചാലിയം ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.