തീയണക്കാനും മുങ്ങിത്തപ്പാനും അഗ്നിരക്ഷസേനക്ക് പുതിയ ഉപകരണങ്ങൾ
text_fieldsതിരുവനന്തപുരം: രക്ഷാപ്രവർത്തനം ആധുനികവും ശാസ്ത്രീയവുമാക്കാൻ അഗ്നിരക്ഷ സേനക്ക് രണ്ട് പുതിയ ഉപകരണങ്ങൾ. ആധുനിക ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും 2024 ഫയർ സർവിസസ് മെഡലുകളുടെ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഗ്നിരക്ഷ വകുപ്പിൽ വിവിധ തസ്തികകളിൽ ജോലിചെയ്യുന്ന 25 ജീവനക്കാർക്ക് ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡലുകളാണ് വിതരണം ചെയ്തതത്.
ചടങ്ങിൽ അഗ്നിരക്ഷ വകുപ്പ് ഡയറക്ടർ ജനറൽ കെ. പദ്മകുമാർ, ഡയറക്ടർ ടെക്നിക്കൽ എം. നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ് സംബന്ധിച്ചു.
റോബോട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ
മനുഷ്യന് നേരിട്ടെത്തി തീ കെടുത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്നതും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതുമായ ഫയർ ഫൈറ്റിങ് റോബോട്ടും ഇതിന്റെ കൺട്രോൾ വാഹനവുമടങ്ങുന്നതാണ് ഈ യൂനിറ്റ്. 300 മീറ്റർ ദൂരത്തുനിന്നുപോലും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഉപകരണത്തിന് പടികളിലൂടെയും റാമ്പുകളിലൂടെയും കയറാനും ഇറങ്ങാനും കഴിയും. അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന റോബോട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിളുകളുടെ സുരക്ഷക്കായി വാട്ടർ സ്പ്രേ നോസിലുകൾ റോബോട്ടിന്റെ ബോഡിയിൽ ഘടിപ്പിച്ചിട്ടുണ്ട്.
അണ്ടർ വാട്ടർ ഡ്രോൺ
കാമറ, സോണാർ എന്നിവ ഘടിപ്പിച്ച മൂവിങ് യൂനിറ്റും ഇതിനെ നിയന്ത്രിക്കാനുള്ള കൺട്രോൾ സംവിധാനവും കാമറയിലൂടെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനുള്ള ഡിസ്േപ്ല യൂനിറ്റും കേബിളുകളുമടങ്ങുന്നതാണ് ഈ സംവിധാനം. മൂവിങ് യൂനിറ്റ് വെള്ളത്തിലിറക്കി ഡ്രോണിന്റെ ചലനങ്ങൾ സർഫസ് കൺട്രോൾ യൂനിറ്റ് വഴി നിയന്ത്രിക്കുന്നു. സോണാർ സംവിധാനം പ്രവർത്തിപ്പിച്ച് സ്ക്രീനിങ് നടത്തിയശേഷം സംശയം തോന്നുന്നെ ഭാഗത്തേക്ക് യൂനിറ്റ് താഴ്ത്തി കാമറ ഉപയോഗിച്ച് പരിശോധിക്കുന്നു. വെള്ളത്തിൽ അകപ്പെട്ട വ്യക്തി/വസ്തുവിന് സദൃശമായ എന്തെങ്കിലും കാമറയിൽ തെളിയുന്ന സ്ഥലത്ത് സ്കൂബാ ഡൈവേഴ്സ് മുങ്ങി തിരച്ചിൽ നടത്തുന്നു. സ്കൂബാ ഡൈവർമാർ കൃത്യമായ ലക്ഷ്യമില്ലാതെ പലപ്പോഴും വെള്ളത്തിൽ മണിക്കൂറുകളോളം ഡൈവ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തിന് ഒരുപരിധിവരെ പരിഹാരം കാണാൻ ഈ ഉപകരണത്തിനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.