തേങ്ങയോടൊപ്പം മൊബൈലും ശബരിമല ആഴിയിലേക്ക് വലിച്ചെറിഞ്ഞു; അഗ്നിരക്ഷ സേന സാഹസികമായി തിരിച്ചെടുത്തു
text_fieldsശബരിമല: നെയ്തേങ്ങയോടൊപ്പം ഭക്തൻ അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. ഫോൺ പുറത്തെടുക്കുന്നതിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് അഗ്നിരക്ഷാ സേന സാഹസികമായി ആഴിയിൽ നിന്നും വീണ്ടെടുത്തത്. ഫയർ ഓഫിസറായ വി. സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈൽ ഫോണും വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.പി. മധുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യു ഓഫിസർ ഗണേശൻ, ഫയർ ഓഫിസർമാരായ വി. സുരേഷ് കുമാർ, പി.വി. ഉണ്ണികൃഷ്ണൻ, ഇന്ദിരാ കാന്ത്, എസ്.എൽ. അരുൺകുമാർ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.