ഫർണിച്ചർ നിർമാണ കേന്ദ്രങ്ങളിൽ തീപിടിത്തം
text_fieldsഒല്ലൂർ: അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം ഫർണിച്ചർ നിർമാണശാല കത്തിനശിച്ചു. എടക്കുന്നി കാപ്പുഴ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണശാലയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ കത്തുന്നത് സമീപവാസികൾ കണ്ടത്. നിർമാണശാലയിൽ ഉണ്ടായിരുന്ന തേക്കുമരങ്ങളും നിർമാണം പൂർത്തിയായ കട്ടിൽ, സെറ്റികൾ, കസേരകൾ, കട്ടറുൾപ്പെടെ മെഷിനറികൾ എന്നിവയും ഷെഡും പൂർണമായി നശിച്ചു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച വൈകീട്ട് സമീപത്തെ പറമ്പിലെ ചവറിന് തീ പിടിച്ചിരുന്നു. തൃശൂരിൽനിന്നും പുതുക്കാട് നിന്നും അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
എരുമപ്പെട്ടി: ഫർണിച്ചർ നിർമാണ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ മര ഉരുപ്പടികൾ കത്തിനശിച്ചു. നെല്ലുവായ് പാലത്തിനു സമീപം പ്രവർത്തിക്കുന്ന സെലക്ട് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തിന് പുറത്തെ ഷെഡിൽ അട്ടിയിട്ട് സൂക്ഷിച്ച മര ഉരുപ്പിടികളാണ് കത്തിനശിച്ചത്. ഇരുമ്പ് ഷട്ടറുകൾ പൂട്ടി കിടന്നതിനാൽ സ്ഥാപനത്തിനകത്തെ ഫർണിച്ചറിന് കേടുപാട് സംഭവിച്ചില്ല. വടക്കാഞ്ചേരിയിൽനിന്നും കുന്നംകുളത്തുനിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. പഴവൂർ സ്വദേശി പാമ്പ്ര വീട്ടിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.