മരുന്നുശാലകളിലെ തീപിടിത്തം; ആറുമാസമായിട്ടും ആരോഗ്യ വകുപ്പ് ഇരുട്ടിൽ
text_fieldsതിരുവനന്തപുരം: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മരുന്ന് സംഭരണശാലകളിൽ ആവർത്തിച്ചുണ്ടായ തീപിടിത്തത്തിന് ആറുമാസമാകുമ്പോഴും ഇടക്കാല റിപ്പോർട്ടിൽനിന്ന് ഒരടി മുന്നോട്ടുപോകാതെയും നടപടികളെടുക്കാതെയും ആരോഗ്യ വകുപ്പ്. എങ്ങനെ തീപിടിച്ചെന്ന് ഇനിയും വ്യക്തമല്ല. വകുപ്പ് തല നടപടിയുമുണ്ടായിട്ടില്ല. ആകെ നടന്നത് സുരക്ഷ ഓഡിറ്റാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അന്തിമ റിപ്പോർട്ട് വരട്ടെ’ എന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അന്തിമ റിപ്പോർട്ട് എന്ന് ലഭിക്കുമെന്നതിലും കൃത്യമായ ഉത്തരമില്ല. സംയുക്ത അന്വേഷണം വകുപ്പ് സെക്രട്ടറി ഏകോപിപ്പിക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിലാണ് ഇപ്പോൾ വിവിധ വിഭാഗങ്ങളുടെ അന്വേഷണം നടക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം തീപിടിത്തത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവൻ പൊലിഞ്ഞതിന്റെ ഗൗരവം പോലും നടപടികളിലില്ലെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
മേയ് 17 നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്ന് സംഭരണശാലക്ക് തീപിടിച്ചത്. മേയ് 23ന് തിരുവനന്തപുരത്തും 27ന് ആലപ്പുഴയിലും സമാന നിലയിൽ തീ പടർന്നു. കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയിൽ 15 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായിട്ടും സർക്കാർ ഗൗരവത്തിലെടുത്തിട്ടില്ലെന്നതാണ് ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം അടിവരയിടുന്നത്. ഡ്രഗ്സ് കൺട്രോളറുടെ പരിശോധനയും രാസപരിശോധനയുമാണ് ആകെ പ്രഖ്യാപിച്ചത്. സംയുക്താന്വേഷണ പ്രഖ്യാപനത്തിനുമുമ്പ് തന്നെ ഡ്രഗ്സ് കൺട്രോളറുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്ന ആരോഗ്യവകുപ്പിന്റെ ആവർത്തിച്ച വിശദീകരണങ്ങൾ പൂർണമായും തള്ളുന്നതായിരുന്നു റിപ്പോർട്ട്.
തീപിടിത്തത്തിലെ സമാനതകളാണ് സംശയം വർധിപ്പിക്കുന്നത്. മൂന്നിടത്തും രാത്രിയാണ് സംഭവം. കൊല്ലത്തെ തീപിടിത്തം മിന്നൽ മൂലമാണെന്നാണ് ആദ്യം വാദിച്ചത്. ഗോഡൗണിന്റെ ചുമരുകളിലൊന്നും വിള്ളലോ മിന്നലേറ്റ അടയാളങ്ങളോ കണ്ടെത്താതിരുന്നതോടെ കാരണങ്ങൾ മാറ്റിപ്പിടിച്ചു. തീപിടിത്തമുണ്ടായ ഗോഡൗണുകളിൽ അഗ്നിരക്ഷാസേന ഫയർ ഓഡിറ്റ് നടത്തി നോട്ടിസ് നൽകിയെങ്കിലും തുടർനടപടിക്ക് ബന്ധപ്പെട്ടവർ എന്തു ചെയ്തെന്നും ചോദ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.