വെടിക്കെട്ട് നിയന്ത്രണം; കേന്ദ്രത്തിൽ സമ്മർദം തുടരും, തൃശൂർ പൂരം ഭംഗിയായി നടത്തും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ വെടിക്കെട്ടിന് നിയന്ത്രണം കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരാതെ, തൃശൂർ പൂരം ഭംഗിയായി നടത്താൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ എക്സ്പ്ലോസിവ് ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി തൃശൂർ പൂരം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിൽ നടക്കുന്ന വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നതാണ് പ്രധാന ഭേദഗതി. ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് കാണുന്നവരെ നിർത്തേണ്ടതെന്നും നിബന്ധനയുണ്ട്.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകളുടെ ഉപയോഗത്തിലും ചില മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു. ഇതുൾപ്പെടെ 35 ഭേദഗതിയാണ് വിജ്ഞാപനത്തിലുള്ളത്. ഈ ഭേദഗതികളിൽ ഇളവ് വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതിന് സമ്മർദം ചെലുത്തുന്നുണ്ട്.
ഉത്സവങ്ങളുടെ ഭാഗമായി ആനകൾക്ക് പ്രയാസങ്ങളുണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. ആനകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടാവണമെന്ന നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇത് ജില്ല മോണിറ്ററിങ് കമ്മിറ്റി ഉറപ്പാക്കുമെന്ന സർക്കാർ നിർദേശം ഹൈകോടതിയും അംഗീകരിച്ചു. അതിനാൽ, ഒരു പ്രയാസവുമില്ലാതെ ആന എഴുന്നള്ളിപ്പ് നടത്താനാകും.
രാത്രി 10ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ പൊതുനിയന്ത്രണം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഉച്ചഭാഷിണിയും മറ്റും. അവക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ചില പ്രയാസങ്ങളുണ്ടാക്കും. ഉത്സവമേഖലയിൽ ഉച്ചഭാഷണി ശബ്ദം കേൾക്കുന്നത് വലിയ തോതിൽ ജനങ്ങൾക്ക് അലോസരമായി തോന്നില്ല.
അതേസമയം കഴിഞ്ഞ വർഷം തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പൊലീസ് അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച ചോദ്യങ്ങളിൽ നടപടികൾ സ്വീകരിച്ചുവരുന്നെന്ന ഒറ്റവരി ഉത്തരം മാത്രമാണ് മുഖ്യമന്ത്രി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.