വെടിക്കെട്ടപകടം: വൻ സുരക്ഷ വീഴ്ച, വധശ്രമത്തിനുകൂടി കേസ്
text_fieldsകാഞ്ഞങ്ങാട്: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. ക്ഷേത്ര ഭാരവാഹിയായ വിജയനാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ പ്രതികൾക്കെതിരെ വധശ്രമമുൾപ്പെടെ വകുപ്പുകൾ ചുമത്തി.
വൻ സുരക്ഷ വീഴ്ചയാണ് വെടിക്കെട്ടപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ്-റവന്യൂ അധികൃതരുടെ പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുൻകരുതൽ നടപടികളൊന്നുമെടുത്തില്ലെന്നും അനുമതിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെടിമരുന്ന് സൂക്ഷിച്ച ഷെഡിന് മുകളിലൂടെ ക്ഷേത്രത്തിന്റെ ബയോഗ്യാസ് പ്ലാന്റിന്റെ പൈപ്പ് കടന്നുപോകുന്നുണ്ട്. സമീപത്തുതന്നെ ഹോട്ടലിന്റെ അടുക്കളഭാഗത്ത് നിരവധി പാചകവാതക സിലിണ്ടറുകളുമുണ്ടായിരുന്നു. ഇതിലേക്കുകൂടി തീ വ്യാപിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിക്കുമായിരുന്നു. സ്ഥലത്തെത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആദ്യം പരിശോധിച്ചതും സുരക്ഷ വീഴ്ചയിലെ പാളിച്ചകളാണ്. കൂടുതലായി കടുത്ത വകുപ്പുകൾ ചുമത്തിയതും സുരക്ഷാ വീഴ്ചയുടെ ഭാഗമായിക്കൂടിയാണ്. 118 പേർ മരിച്ച പുറ്റിങ്ങൽ ദുരന്തത്തിനുശേഷം കർശന നിയന്ത്രണങ്ങളാണ് വെടിക്കെട്ടിന് ഏർപ്പെടുത്തിയിട്ടുള്ളത്. വെടിക്കെട്ട് നടത്താൻ കലക്ടർക്കോ എ.ഡി.എമ്മിനോ അപേക്ഷ നൽകണം. എന്നാൽ, ഇവിടെ അപേക്ഷ നൽകിയിരുന്നില്ല. ക്ഷേത്രത്തിന്റെ വിളിപ്പാടകലെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനെങ്കിലും ഇവിടെയും വിവരം നൽകിയില്ലെന്ന് പൊലീസ് പറയുന്നു. വെടിക്കെട്ട് നടത്തുമ്പോൾ അഗ്നിരക്ഷാസേന സമീപത്തുണ്ടാകണം.
ആംബുലൻസ് സൗകര്യങ്ങളും തീകെടുത്താനുള്ള വെള്ളവും കരുതിവെക്കണം. ഇവിടെ ഇതൊന്നുമുണ്ടായില്ലെന്നാണ് വ്യക്തമായത്.
പടക്കം സൂക്ഷിച്ച ഷെഡും പൊട്ടിക്കുന്ന സ്ഥലവും തമ്മിലുണ്ടാകേണ്ട അകലവും പാലിച്ചില്ല. മാലപ്പടക്കത്തിന് തീകൊളുത്തിയതാണ് അപകടകാരണം.
ഇതിൽനിന്ന് തീപ്പൊരി പടക്കം സൂക്ഷിച്ച ഷെഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ അഞ്ഞൂറ്റമ്പലം ക്ഷേത്രമുറ്റത്ത് നൂറുകണക്കിന് ഭക്തർ തടിച്ചുകൂടേണ്ടതായിരുന്നു. എന്നാൽ, ക്ഷേത്ര മതിലകം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ചികിത്സച്ചെലവ്
സർക്കാർ വഹിക്കും
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര് ചികിത്സയിലാണ്. ഇതില്‍ 10 പേരുടെ പരിക്ക് സാരമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.