കാതടപ്പിക്കുന്ന ഉഗ്ര സ്ഫോടനം; ചൂരക്കാട്ടെ കാഴ്ചകൾ ഭീതിജനകം
text_fieldsകൊച്ചി: കിലോമീറ്ററുകൾക്കകലെ വരെ കേട്ട ഉഗ്ര സ്ഫോടന ശബ്ദം, 500 മീറ്ററുകൾക്കപ്പുറത്തുവരെ തകർന്നുവീണ വീടുകളുടെ ജനൽ ഗ്ലാസുകളും മേൽക്കൂരകളും. അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്ഫോടനം നടന്ന ചൂരക്കാട്ടുനിന്നുള്ള കാഴ്ചകൾ ഭീതി ജനിപ്പിക്കുന്നതാണ്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ജനവാസ കേന്ദ്രമായ ഇവിടെ പല വീടുകളിലും മുതിർന്നവരും കുട്ടികളും മാത്രമാണുണ്ടായിരുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു ചിലരെങ്കിൽ ചിലർ പത്രവായനയിലായിരുന്നു. ഇതിനിടെയാണ് ഉഗ്രസ്ഫോടന ശബ്ദം കേട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയുംമുമ്പ് വീടുകൾ കുലുങ്ങി. മേൽക്കൂരകളും വാതിലുകളും ജനൽ ചില്ലുകളുമടക്കം തകർന്നുവീണു. പല വീടുകളുടെയും ഗേറ്റുകളടക്കമാണ് തകർന്നത്. കിട്ടിയതെടുത്ത് പലരും പുറത്തേക്കോടി. ഈ സമയത്താണ് അന്തരീക്ഷമാകെ വെടിമരുന്നിന്റെ മണവും പുകയും നിറഞ്ഞത്. ഇതോടെയാണ് പടക്ക സ്ഫോടനമാണ് നടന്നതെന്ന് തിരിച്ചറിഞ്ഞത്.
ചൂരക്കാട്ടെ കരയോഗം വക ഷെഡിനു മുന്നിലാണ് വാഹനത്തിൽനിന്ന് പടക്കം മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഷെഡും പടക്കം കൊണ്ടുവന്ന ടെംപോ ട്രാവലറും സമീപത്ത് കിടന്നിരുന്ന കാറും നാമാവശേഷമായി.
സമീപ വീടുകളുടെ പോർച്ചുകളിൽ കിടന്ന വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. തൃപ്പൂണിത്തുറ നഗരസഭ വാർഡ് 29ൽപെടുന്ന ചൂരക്കാട് കേടുപാടുകൾ സംഭവിക്കാത്ത വീടുകളായി ഒന്നും അവശേഷിക്കുന്നില്ല. പുനരുദ്ധാരണം അസാധ്യമായ രീതിയിലാണ് പല വീടുകളുടെയും തകർച്ച. ഭൂരിഭാഗം വീടുകളിലും വീട്ടുസാമഗ്രികളും നശിച്ചു.
പടക്ക സ്ഫോടനം; ഗുരുതര വീഴ്ച
പടക്കം ശേഖരിച്ചത് ജനവാസ കേന്ദ്രത്തിൽ
കൊച്ചി: ചൂരക്കാട് പടക്ക സ്ഫോടനത്തിന് കാരണം അധികൃതരുടെ ഗുരുതര വീഴ്ച. ഡസൻകണക്കിന് വീടുകൾ നിറഞ്ഞ ജനവാസ കേന്ദ്രത്തിൽ പടക്കം ശേഖരിച്ചതും അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയതും അധികൃതരുടെയും നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം. ഈ വീഴ്ചക്ക് വില കൊടുക്കേണ്ടി വന്നതാകട്ടെ പ്രദേശവാസികളാണ്.
പ്രദേശത്തെ നിരവധി വീടുകളാണ് പൂർണമായോ ഭാഗികമായോ സ്ഫോടനത്തിൽ തകർന്നത്. പലതും പുനർനിർമിക്കേണ്ടി വരും. തകർന്ന വീടുകളുടെ കൂട്ടത്തിൽ ഞായറാഴ്ച വീടുമാറി താമസം നടന്ന പുതിയ വീടുമുണ്ട്. വീടുകൾ തിങ്ങി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചെറിയൊരു ഗ്യാപ്പിലാണ് തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന വെടിക്കെട്ടിനുവേണ്ടി സ്ഫോടക വസ്തുക്കൾ ശേഖരിച്ചത്.
വാഹനങ്ങൾ വരുന്നതും കരയോഗം വക ഷെഡിൽ നിർത്തുന്നതും പ്രദേശവാസികൾ കണ്ടെങ്കിലും അൽപസമയത്തിനകം ദുരന്തത്തിന്റെ രൂപത്തിൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കരുതിയില്ല. ലൈസൻസോ നിയമപരമായ ഒരു അനുമതിയോ ഇല്ലാതെയാണ് ഇവിടെ പ്രവൃത്തികൾ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സമീപത്തെ പല വീടുകളിലും ആളുകളില്ലാതിരുന്നതാണ് ആളപായവും പരിക്കും കുറയാൻ കാരണമായത്. പ്രദേശത്തെ ശശിധരപ്പണിക്കർ ശ്രീധരം, പി.എൻ. ലീല വടക്കേ തൊണ്ടിപറമ്പ്, സരോജിനി കൊച്ചുപറമ്പിൽ, എൻ. രാമരാജദാസ് സൗപർണിക, സി.എസ്. ശ്രീജിത് നിർമാല്യം, പി.ആർ. ശിവൻപിള്ള ശിവനിവാസ്, കെ.ബി. ഹരികുമാർ മംഗളോദയം, എം.ടി. ശശി കൊല്ലംപറമ്പിൽ, ആൻറണി കൊച്ചുപറമ്പിൽ, കെ.എസ്. സുനിൽകുമാർ കൊച്ചുപറമ്പിൽ, മുരളീധരൻ ശ്രീവിലാസ്, സഹിത രാജേഷ്, ശ്രീനാഥ് ശ്രീനിവാസ്, സോമൻ കൊമ്പനായിൽ എന്നിവരുടേതടക്കം വീടുകളാണ് തകർന്നത്. തൃപ്പൂണിത്തുറ കാർഷിക സഹകരണ ബാങ്ക്, സമീപത്തെ റേഷൻകട പ്രവർത്തിക്കുന്ന കെട്ടിടം, വൈ.എം.എ കെട്ടിടം എന്നിവക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.