പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറി: പിതാവും മക്കളും അറസ്റ്റിൽ
text_fieldsപാലാ: അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുകയും പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിലാവ് കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന മാത്യു ദേവസ്യ (69), മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ചെമ്പിലാവ് ഭാഗത്തെ ഇവരുടെ വീട്ടിൽവെച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പടക്ക നിർമാണത്തിനുവേണ്ട ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ വീടിനുള്ളിലും ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, കിടങ്ങൂര്‍ സ്റ്റേഷന് എസ്.ഐമാരായ കുര്യൻ മാത്യു, വിനയൻ, പി.ആർ. സുധീർ, സി.പി.ഒമാരായ പി.സി. അരുൺകുമാർ, കെ.കെ. സന്തോഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.