അത് ഹവാല പണമെങ്കിൽ സർക്കാർ പിടിച്ചെടുക്കട്ടെ -ഫിറോസ് കുന്നംപറമ്പിൽ
text_fieldsകോഴിക്കോട്: അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ. പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് തുക വന്നതിന് പിറകിൽ ഹവാല ഇടപാടാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെയാണ് ഫിറോസ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
വർഷയുടെ അമ്മയുടെ ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്ന പണം ഹവാലയാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടുകെട്ടുകയും ചെയ്യണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് ഫിറോസ് കുന്നംപറമ്പിൽ, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. പിന്നീട് വര്‍ഷക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും എത്തി. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ 1.35 കോടി രൂപയോളമാണ് വർഷക്ക് ലഭിച്ചത്. ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ സഹായാഭ്യർഥന ഷെയർ ചെയ്തിരുന്നു.
പിന്നീട് ലഭിച്ച പണത്തിെൻറ പേരിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നു പറഞ്ഞ് വർഷ ഫേസ്ബുക്കിൽ എത്തി. അമ്മയുടെ ചികിത്സക്ക് ലഭിച്ച തുകയിൽനിന്ന് അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണമെന്നാണ് പറയുന്നത്. ഒട്ടേറെപ്പേർ ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയുടെ ആദ്യഘട്ട പരിശോധനകൾ പോലും കഴിഞ്ഞിട്ടില്ല.
ചികിത്സക്ക് ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽതന്നെ തുടരേണ്ടതുണ്ട്. തനിക്ക് ലഭിച്ചതിൽനിന്ന് ഗോപിക എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ പണം നൽകിയിരുന്നു. ഗോപിക ഇപ്പോൾ സുഖം പ്രാപിച്ചുവരുകയാണ്. തെൻറ അമ്മയുടെ ചികിത്സക്ക് ഇനിയും പണം ആവശ്യമുണ്ട്. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടരുടെ കടന്നുവരവെന്നും വർഷയുടെ പരാതിയിൽ പറയുന്നു.
ഫിറോസിെൻറ ഫേസ്ബുക്ക് പോസ്റ്റ്:
വർഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടു കെട്ടുകയും ചെയ്യണം.ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണം എത്രയും പെട്ടന്ന് സർക്കാർ തിരിച്ച് പിടിക്കണം. ഹവാലക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വർഷയുടെയും അക്കൗണ്ടിലേക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അവരെയും പ്രതിചേർത്ത് കേസ് എടുക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.