മുഖ്യമന്ത്രിക്കും ജലീലിനുമൊപ്പം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഫിറോസ് കുന്നംപറമ്പിലും!
text_fieldsഒതുക്കുങ്ങൽ: മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് കണ്ടവർ ഒന്ന് അമ്പരക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമൊപ്പം ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും ഇടംപിടിച്ചിടുണ്ട്!.
ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അടക്കമുള്ളവർ നേരത്തേ രംഗത്തെത്തിയിരുന്നു. സാമൂഹ്യ സുരക്ഷാമിഷൻെറ വി കെയര്‍ പദ്ധതിയിയടക്കമുള്ള സർക്കാർ പദ്ധതികളുള്ളപ്പോൾ ഓൺലൈൻ ചാരിറ്റിയിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ആരോഗ്യ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ ഫിറോസിൻെറ ചാരിറ്റി പ്രവർത്തനങ്ങൾ തട്ടിപ്പാണെന്നും ആരോപിച്ചിരുന്നു.
ഫേസ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സി.പി.എം പ്രവർത്തകരും ഫിറോസ് കുന്നംപറമ്പിൽ അനുകൂലികളും പലപ്പോഴും ഏറ്റുമുട്ടാറുമുണ്ട്. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്ററിൽ ഫിറോസിൻെറ ചിത്രം പതിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. മറ്റൊരു ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുശാന്ത് നിലമ്പൂരും പ്രചാരണബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി കുരുണിയൻ ഹസീനയാണ് വാർഡിൽ മത്സരിക്കുന്നത്.വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരും കുരുണിയൻ ഹസീനയെന്നാണ്. ഇതിനുപുറമേ എസ്.ഡി.പി.ഐ സ്ഥാനാർഥിയുടെ പേരും ഹസീനയായതോടെ പേരിലെ കൗതുകത്തെത്തുടർന്ന് വാർഡ് വാർത്തകളിലിടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.