ഞാന്‍ ഇന്നൊരു വ്യക്തിയല്ല, മത്സരിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ -ഫിറോസ് കുന്നംപറമ്പില്‍
text_fieldsപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് സമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല. സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അവരവരുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്നും ഫിറോസ് പറഞ്ഞു.
ഒരു ജനപ്രതിനിധി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സമൂഹത്തിന് വേണ്ടി ഞാന്‍ ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയക്കാരനാകാനോ അല്ലെങ്കില്‍ ഒരു പാര്‍ട്ടിവെച്ചു നീട്ടുന്ന സീറ്റില്‍ മത്സരിക്കാനോ എന്ന രീതിയിലല്ല, മറിച്ച് ഞാന്‍ മത്സരിക്കണോ വേണ്ടയോ, ഞാനെന്ത് ചെയ്യണം എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
ഞാന്‍ ഇന്നൊരു വ്യക്തിയല്ല, ലക്ഷക്കണക്കിന് ആളുകള്‍ സ്‌നേഹിക്കുന്ന, പിന്തുണ നല്‍കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്. അതു കൊണ്ടു തന്നെ എന്‍റെ കാര്യങ്ങളെ കുറിച്ച് ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ എനിക്ക് എന്‍റേതായ ആളുകളുമായി സംസാരിക്കണം. അതിനേക്കാള്‍ അപ്പുറത്ത് ജനങ്ങളാണ് ഇക്കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കേണ്ടത്. അവരുമായി ആലോചിച്ച് അവരുടെ അഭിപ്രായം അനുസരിച്ച് മാത്രമായിരിക്കും കാര്യങ്ങളുമായി മുമ്പോട്ടു പോകുക -ഫിറോസ് വ്യക്തമാക്കി.
തവനൂരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ മൽസരിക്കാൻ ഫിറോസിനെ പരിഗണിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഫിറോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.