'ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടക്കുന്നവനോ, അതോ കണ്ണീരൊപ്പുന്നവനോ?' ആരാണ് ജനപ്രതിനിധിയെന്ന് ഫിറോസ് കുന്നംപറമ്പില്‍
text_fieldsഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടില്ലെങ്കിലും ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫിറോസിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗത്തെ പരിഹസിച്ച് കൊണ്ടാണ് ഫിറോസ് ഇതിന് മറുപടി നൽകിയിരിക്കുന്നത്.
'ചാരിറ്റിക്കാരൻ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാൻ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ... അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നവൻ ആകണം പൊതുപ്രവർത്തകൻ. അതല്ലാതെ ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത്.'
ഫിറോസിന്‍റെ വാക്കുകളെ വലിയ കയ്യടിയോടെയാണ് കൂടിനിന്നവര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് യു.ഡി.എഫ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.