ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ കൊച്ചി എംബാർക്കേഷൻ പോയന്‍റ് വഴി ഹജ്ജിന് പുറപ്പെട്ട ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. ചൊവ്വാഴ്ച രാവിലെ 9.35നാണ് ഹാജിമാരെയും വഹിച്ചുള്ള സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. 208 പുരുഷന്മാരും 196 സ്ത്രീകളുമായി 404 ഹാജിമാരാണ് ആദ്യ സംഘത്തിൽ മടങ്ങിയെത്തിയത്. മദീന വിമാനത്താവളത്തിൽനിന്നായിരുന്നു മടക്കയാത്ര.
ഓരോ ഹാജിക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വിതരണം ചെയ്തു. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കാൻ 29 വളന്‍റിയർമാർ ടെർമിനലിനകത്തും 10 പേർ പുറത്തും സേവനം ചെയ്യുന്നുണ്ട്. ഹജ്ജ് സെല്ലിന്‍റെ ഭാഗമായി 11 സർക്കാർ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. രാജ്യാന്തര ടെർമിനലിന് അകത്തുനിന്ന് പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് ലഗേജുകൾ സഹിതം ഹാജിമാരെ എത്തിച്ചത് വളന്‍റിയർമാരാണ്.
കാര്യമായ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നില്ലെന്നും വളന്‍റിയർമാരും മറ്റുമായി ഓരോ ഘട്ടത്തിലും നിരവധി പേരാണ് സഹായത്തിന് എത്തിയതെന്നും മടങ്ങിയെത്തിയ ഹാജിമാർ പറഞ്ഞു.
ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, സഫർ എ. ഖയാൽ, മുഹമ്മദ് റാഫി, പി.ടി. അക്ബർ, എക്സി. ഓഫിസർ പി.എം. ഹമീദ്, സിയാൽ പ്രതിനിധി ജോൺ എബ്രഹാം, കോഓഡിനേറ്റർ ടി.കെ. സലിം, മുൻ ഹജ്ജ് കമ്മിറ്റി അംഗം മുസമ്മിൽ ഹാജി, എൻ.എം. അമീർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് നടപടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.