പുതിയ നിയമപ്രകാരം ആദ്യ കേസ് സി.പി.എമ്മുകാരനെതിരെ; പി.കെ. ഫിറോസിനെ അപമാനിച്ചെന്ന് പരാതി
text_fieldsതൃപ്രയാർ (തൃശൂര്‍): കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച് ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സി.പി.എം പ്രവർത്തകനെതിരെയാണ് പ്രഥമകേസ്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അപമാനിച്ച് ഫേസ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.
സി.പി.എം പ്രവർത്തകൻ എ.കെ. തിലകനെതിരെ മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി.എ. ഫഹദ് റഹ്‌മാനാണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. കേരള പൊലീസ് ആക്റ്റ് 118 എ അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. കമറുച്ചക്കും ഇബ്രാഹിം കുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാഡ് പി.കെ. ഫിറോസ് പിടിച്ചുനില്‍ക്കുന്ന ഒരു ചിത്രം വ്യാജമായി നിര്‍മിച്ചാണ് തിലകന്‍ പോസ്റ്റ് ഇട്ടത്.
സി.പി.എം നേതൃത്വത്തിലുള്ള ഇടതുസർക്കാർ കഴിഞ്ഞ ദിവസം കൊണ്ടുവന്ന പൊലീസ് ആക്റ്റ് ഭേദഗതിക്കെതിരെ നിയമജ്ഞരടക്കമുള്ളവർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. സി.പി.എമ്മിനകത്തും പുതിയ നിയമത്തിനെതിരെ എതിർപ്പുയരുന്നുണ്ട്. സി.പി.ഐ നേരത്തെ തന്നെ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നിയമത്തിൽ സർക്കാർ തിരുത്തൽ വരുത്താൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.