കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പി.ടി. ഉഷ ഏറ്റുവാങ്ങി
text_fieldsപെരിയ (കാസര്‍കോട്): കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് സമ്മാനിച്ചു. പെരിയ കാമ്പസിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.
ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ സെക്കൻഡിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായതിന്റെ വേദനകള്‍ വിവരിച്ച് വൈകാരികമായിരുന്നു പി.ടി. ഉഷയുടെ പ്രസംഗം. കൈയെത്തുംദൂരെ നഷ്ടപ്പെട്ട ഒളിമ്പിക് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് ഞാന്‍. ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാർഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാർഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഉഷ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവര്‍ വിശദീകരിച്ചു.
പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സർവകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാർഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീന്‍ അക്കാദമിക് പ്രഫ. അമൃത് ജി. കുമാര്‍, ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഇന്‍ ചാർജ് പ്രഫ. എം.എന്‍. മുസ്തഫ നന്ദിയും പറഞ്ഞു. കായിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് കേരള കേന്ദ്ര സർവകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.