കേരള ചരിത്രത്തിൽ ആദ്യം; പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗമാണ് 100.3028 ദശലക്ഷം യൂനിറ്റായി ഉയർന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് പ്രതിദിന ഉപയോഗത്തിൽ രേഖപ്പെടുത്തിയ 9.29 കോടി യൂനിറ്റിന്റെ റെക്കോഡ് ചൊവ്വാഴ്ചത്തെ 9.56 കോടി യൂനിറ്റ് ഉപഭോഗത്തോടെ മറികടന്നിരുന്നു. ബുധനാഴ്ച വീണ്ടും ഉയർന്ന് 9.85 കോടി യൂനിറ്റിൽ എത്തി. വ്യാഴാഴ്ച 100 ദശലക്ഷം യൂനിറ്റ് പിന്നിട്ട് സർവകാല റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു.
വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗവും 4903 മെഗാവാട്ടുമായി റെക്കോഡിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 518 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായത്. ഇതേ രീതിയിൽ ഉപയോഗം വർധിച്ചാൽ ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരികയും അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് യൂനിറ്റിന് 10 രൂപ നൽകി കമ്മി നികത്തേണ്ടിയും വരും. എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
സംസ്ഥാനത്ത് ചൂട് കൂടുന്നതാണ് വൈദ്യുതി ഉപഭോഗത്തിലെ വർധനക്ക് പ്രധാന കാരണം. കേരളത്തിൽ വ്യാഴാഴ്ചത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. തൃശൂർ പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസും പാലക്കാട് മലമ്പുഴ ഡാമിൽ 43.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി. വേനൽ മഴ കുറഞ്ഞതാണ് ചൂട് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഒറ്റപ്പെട്ട മഴ ലഭിച്ചാലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.