2040നകം ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരന് -എസ്. സോമനാഥ്
text_fieldsതിരുവനന്തപുരം: വിജയകരമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനുശേഷം 2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ഐ.എസ്.ആ.ഒ ചെയര്മാന് എസ്. സോമനാഥ്.
രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ (ലോവര്‍ എര്ത് ഓര്‍ബിറ്റ്) മൂന്നുദിവസം പാര്‍പ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തില്‍ ഇറക്കുന്നതാണ് ഗഗന്യാന് പരിപാടിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പ്രസിദ്ധീകരണത്തിൽ എഴുതിയ പ്രത്യേക ലേഖനത്തിലാണ് സോമനാഥ് വിവരങ്ങള്‍ പങ്കുവെച്ചത്.
വ്യോമസേനയില്‍നിന്ന് നാല് പൈലറ്റുമാരെ ഈ ദൗത്യത്തിനായി തെരഞ്ഞെടുത്തു. ബംഗളൂരുവിലെ ആസ്ട്രോനട്ട് ട്രെയിനിങ് ഫെസിലിറ്റിയിൽ (എ.ടി.എഫ്) പ്രത്യേക പരിശീലനത്തിലാണിവർ. നിര്‍ണായകവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗഗന്‍യാന്റെ ഉദ്ഘാടന ദൗത്യം നടക്കുന്നത്.
മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന പേടകമാണ് (എച്ച്.എൽ.വി.എം മൂന്ന്) ഇതില്‍ പ്രധാനം. ക്രൂ മൊഡ്യൂള്‍, സര്‍വിസ് മൊഡ്യൂള്‍, ജീവന് രക്ഷാ ഉപകരണങ്ങള്‍ എന്നിവ അടങ്ങിയതാണിത്.
യഥാര്‍ഥ വിക്ഷേപണത്തിനു മുമ്പ് മനുഷ്യനെക്കൂടാതെയുള്ള ദൗത്യങ്ങള്‍ (ജി ഒന്ന്, ജി രണ്ട്) വിക്ഷേപിക്കും. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ്, പാഡ് അബോര്‍ട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിള്‍ ഫ്ലൈറ്റ്സ് എന്നിവയാണ് മുന്നോടിയായി നടത്തുന്നത്.
ഭൂമിയിലേതിനു സമാനമായ അന്തരീക്ഷത്തോടെയാണ് ക്രൂ മൊഡ്യൂള്‍ നിര്‍മിച്ചത്.
അത്യാവശ്യ ഘട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക് രക്ഷപ്പെടാനുള്ള ക്രൂ എസ്കേപ് സിസ്റ്റവും ഇതിലുണ്ട്. ഒക്ടോബര്‍ 21ന് ആദ്യ പരീക്ഷണ പേടകം വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കിയിരുന്നു. കടലില്‍നിന്ന് നാവികസേന ഇതു സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു. ഈ പരീക്ഷണം 2025ല്‍ നടക്കാന്‍ പോകുന്ന വിജയകരമായ ബഹിരാകാശ മനുഷ്യദൗത്യത്തിന് ഏറെ നിര്‍ണായകമായിരുന്നു. സൗരദൗത്യമായ ആദിത്യ എല്‍ ഒന്ന് 2024 ജനുവരിയോടെ 15 ലക്ഷം കിലോ മീറ്റർ സഞ്ചരിച്ച് പേടകം ലാഗ്റേഞ്ച് പോയന്റിലെത്തി ഹാലോ ഭ്രമണപഥത്തിലേക്ക് കടക്കും.
സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി), റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആർ.എൽ.വി), എക്സ്റേ ആസ്ട്രോണമി മിഷന് അഥവാ എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്), സ്പേസ് ഡോക്കിങ് എക്സിപെരിമെന്റ്, എൽ.ഒ.എക്സ് മീഥൈന്‍ എന്ജിന് തുടങ്ങിയ സുപ്രധാന പദ്ധതികള്‍ വിവിധ ദശകളിലാണ്.
2035 നകം ഭാരതീയ അന്തരീക്ഷ് സ്റ്റേഷന് അഥവാ ബഹിരാകാശനിലയമെന്ന സ്വപ്നപദ്ധതിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
ശുക്രന്റെ ഭ്രമണപഥത്തിലെത്താനും ചൊവ്വയില്‍ ഇറങ്ങാനുമുള്ള ഗ്രഹാന്തര യാത്രകള്‍ക്ക് സഹായിക്കുന്നതിനൊപ്പം ഈ ഉദ്യമം ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നും സോമനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.