കെ.എസ്.ഇ.ബിക്ക് ആദ്യ ഗഡു കൈമാറി; വിഹിതം വർധിപ്പിക്കാനാകില്ലെന്ന നിലപാടിൽ ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: പ്രതിമാസ വരുമാനത്തിൽനിന്ന് വൈദ്യുതി ചാർജിനത്തിൽ നിശ്ചിത ശതമാനം തുക കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി കൈമാറിത്തുടങ്ങി. എല്ലാ മാസവും പണം കൈമാറുന്നതിന് തുടക്കമിട്ട് എട്ടുകോടി രൂപയുടെ ചെക്കാണ് കെ.എസ്.ഇ.ബി റവന്യൂ സ്പെഷൽ ഓഫിസറുടെ പേരിൽ ജല അതോറിറ്റി ഫണ്ട്സ് വിഭാഗം അക്കൗണ്ട്സ് ഓഫിസർ കൈമാറിയത്.
ആകെ വരുമാനത്തിന്റെ 34 ശതമാനം എല്ലാ മാസവും പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ജല അതോറിറ്റി ഇനിയും അംഗീകരിച്ചിട്ടില്ല. വലിയ തുക കുടിശ്ശികയുള്ളതിനാൽ നിശ്ചിത ശതമാനം തുക കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിന് നവംബർ ഒന്നു മുതൽ എസ്ക്രോ അക്കൗണ്ട് ആരംഭിക്കാൻ ധന വകുപ്പ് ഒക്ടോബർ 30നാണ് ജല അതോറിറ്റിക്ക് നിർദേശം നൽകിയത്. തുടർന്ന്, ഉന്നത ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നെങ്കിലും 34 ശതമാനമെന്ന ആവശ്യത്തിൽ നിന്ന് പിന്നാക്കം പോകാൻ കെ.എസ്.ഇ.ബിയും 10 ശതമാനത്തിനപ്പുറം സാധ്യമല്ലെന്ന നിലപാടിൽ ജല അതോറിറ്റിയും ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് എട്ടുകോടി രൂപ കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി കൈമാറിയത്. വിവിധ കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കാനടക്കം വൈദ്യുതി ഉപയോഗിച്ചതിന് ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശിക തുക 1692 കോടി രൂപയാണ്. വെള്ളക്കരം കൂട്ടിയ സാഹചര്യത്തിൽ ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിൽ നിന്ന് കുടിശ്ശികതുകയടക്കം ഈടാക്കാനുള്ള നീക്കമാണ് കെ.എസ്.ഇ. ബി നടത്തുന്നത്. എന്നാൽ, വലിയ സാമ്പത്തിക ബാധ്യതകളുള്ളതിനാൽ പ്രതിമാസ വരുമാനത്തിൽ നിന്ന് 10 ശതമാനത്തിൽ തുക നൽകാൻ നിവൃത്തിയില്ലെന്നാണ് ജല അതോറിറ്റി അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.