ഓന്തിനെ നാണിപ്പിക്കും നിറംമാറ്റം ! ആദ്യം 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷൻ', പിന്നെ 'ട്വന്‍റി20 ലൗവേഴ്സ്', ഒടുവിൽ 'മോദി ഫാൻസ് ഗ്രൂപ്' !
text_fieldsവണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പേരിൽ ആരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പ് സംഘ്പരിവാറിന്റെതുതന്നെയെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. നിരവധി പേരെ ഗ്രൂപ് അംഗങ്ങളാക്കി 2019 ഡിസംബറില്‍ ആരംഭിച്ച വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ഗ്രൂപ് പലപേരുകൾക്കൊടുവിൽ സ്വീകരിച്ചത് 'മോഡി സപ്പോർട്ട് കേരള' എന്ന പേര്.
ഫേസ്ബുക്കില്‍ മറ്റ് പേരുകളില്‍ ഗ്രൂപ്പുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം നേതാക്കന്മാരുടെ പേരിലേക്ക് പുനര്‍ നാമകരണം ചെയ്യുന്നതാണ് രീതി. മോദി സപ്പോര്‍ട്ട് കേരള എന്ന പ്രൈവറ്റ് ഗ്രൂപ്പിന് എങ്ങനെ അരലക്ഷത്തോളം ഫോളോവേഴ്‌സിനെ ലഭിച്ചു എന്ന സുധീഷ് അലോഷ്യസ് എന്ന യുവാവിന്‍റെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചുള്ള കുറിപ്പ് വൈറലായിരുന്നു. അര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള 'മോദി സപ്പോര്‍ട്ട് കേരള' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ഹിസ്റ്ററിയിലാണ് തട്ടിപ്പ് വ്യക്തമായത്. അതേസമയം, വൺ ഇന്ത്യൻ വൺ പെൻഷൻ എന്ന പേരിൽ ആറുലക്ഷത്തിലേറെ പേർ അംഗങ്ങളായ മറ്റൊരു ഗ്രൂപ്പും നിലവിലുണ്ട്.
വൺ ഇന്ത്യ വൺ പെൻഷൻ തട്ടിപ്പ് വ്യക്തമാക്കുന്ന കുറിപ്പ്:
''53200ലോളം പേർ അംഗമായുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് Modi Support Kerala. നിലവിൽ ഇത് ഒരു പ്രൈവറ്റ് ഗ്രൂപ്പായാണ് പ്രവർത്തിക്കുന്നത്. ഒരു എം.എൽ.എ പോലുമില്ലാത്ത നമ്മുടെ കേരളത്തിൽ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകൾക്ക് എങ്ങനെയാണ് ഇത്രയധികം ഫോളോവേഴ്സിനെ ലഭിക്കുന്നതെങ്ങനെയെന്നത് മനസ്സിലാക്കണമെങ്കിൽ Modi Support Kerala ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രം മതിയാകും.
2019 ഡിസംബർ14നാണ് ഈ ഗ്രൂപ്പ് നിർമ്മിച്ചതെന്ന് ഗ്രൂപ്പ് ഹിസ്റ്ററി നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. പക്ഷേ അന്ന് ആ ഗ്രൂപ്പിന്റെ പേര് Modi Support Kerala എന്നായിരുന്നില്ല, മറിച്ച് അക്കാലത്ത് കേരളത്തിൽ രൂപം കൊണ്ട അരാഷ്ട്രീയ കൂട്ടായ്മയായ ONE INDIA ONE PENSION KERALAയുടെ പേരിലായിരുന്നു. അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്സിനെ വാരിക്കൂട്ടിയ ഈ ഗ്രൂപ്പ് 2021 ആരംഭത്തിൽ മറ്റൊരു അരാഷ്ട്രീയവാദ കൂട്ടായ്മയായ Twenty20യിലേക്ക് പുനർനാമകരണം ചെയ്യുകയായിരുന്നു. 2021 മാർച്ച് 28ന് Twenty20 Oiop Fans എന്നും മെയ് 8ന് TWENTY 20 KERALA LOVERS എന്നും പേരുകളിൽ മാറ്റം വരുത്തിയ ഗ്രൂപ്പ് TWENTY 20ക്ക് കേരളത്തിൽ പഴയത് പോലെ ക്ലച്ച് പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആഗസ്റ്റ് 5ന് വീണ്ടും ONE INDIA ONE PENSION KERALA എന്ന പേരിലേക്ക് ഘർ വാപസി നടത്തുകയായിരുന്നു.
അരാഷ്ട്രീയവാദികളായ അമ്പതിനായിരത്തിലേറെ പേരെ അംഗങ്ങളാക്കിയ ശേഷം ഈ ഗ്രൂപ്പ് തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിച്ചു കൊണ്ട് Modi Support Kerala എന്ന പേരിലേക്ക് മാറിയത് സെപ്‌തംബർ 29നായിരുന്നു. ഈ പോസ്റ്റ് എഴുതുന്ന സമയത്ത് 53,188 പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായി മാറിയത്. OIOP പരമായ (One India One Pension) കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക എന്ന ഗ്രൂപ്പ് നിയമാവലിയിലെ പഴയ നിബന്ധന ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്.
പട്ടാളക്കാരുടെ പേരിൽ പേജുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം സംഘപരിവാർ നേതാക്കന്മാരുടെ പേരിലേക്ക് പുനർ നാമകരണം ചെയ്ത ചരിത്രമുള്ള സംഘപരിവാർ സൈബർ ടീമിൽ നിന്നും ഇത്തരം ചെറ്റത്തരങ്ങൾ ഇനിയും പ്രതീക്ഷിക്കാം...''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.