ലോകമേ കാണുക, ഇതാ മരണതീരം കടന്നൊരു ഒമ്പതുകാരൻ...
text_fieldsകോഴിക്കോട്: ‘അവന്റെ ബാപ്പയെ നിപ കൊണ്ടുപോയി... ഇവനെയെങ്കിലും തിരികെ തരണേ...’ മരണത്തിനും ജീവിതത്തിനുമിടയിൽ ശങ്കിച്ചുനിന്ന ആ ഒമ്പതുകാരനെ നോക്കി നിറകണ്ണുകളോടെ ആ ഉമ്മ ഡോക്ടർമാരോട് കെഞ്ചിയത് ഇങ്ങിനെയായിരുന്നു. അവർക്കൊപ്പം പ്രതീക്ഷയോടെ കാത്തിരുന്നത് ഒരുകൂട്ടം ആരോഗ്യപ്രവർത്തകരോ മലയാളികളോ മാത്രമായിരുന്നില്ല, ശാസ്ത്രലോകം ഒന്നാകെയായിരുന്നു.
കാത്തിരിപ്പിനൊടുവിൽ അവനിതാ ജീവിതത്തിലേക്ക് തിരിച്ചുകയറിയിരിക്കുന്നു. വൈദ്യശാസ്ത്ര ലോകത്തിനുതന്നെ വിസ്മയമായി. രണ്ടു പേരുടെ ജീവൻ അപഹരിച്ച നാലാം നിപ ആക്രമണത്തിൽ ആദ്യം ജീവൻ പൊലിഞ്ഞ കുറ്റ്യാടി മരുതോങ്കര സ്വദേശിയുടെ മകനാണ് ഈ ഒമ്പതുകാരൻ. അവന്റെ ഉമ്മയുടെ 25കാരനായ സഹോദരനും നിപ ബാധിച്ചിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ഏറ്റവും ഒടുവിലത്തെ പരിശോധനയിലും ഇവരുടെ ഫലം നെഗറ്റിവായി.
നിപ ബാധിച്ച ഒമ്പതുകാരൻ ആറു ദിവസം വെന്റിലേറ്ററിലായിരുന്നു. ഘട്ടംഘട്ടമായാണ് വെന്റിലേറ്ററിൽനിന്ന് മോചിതനായത്. രണ്ടാഴ്ചയാണ് ആശുപത്രിയിൽ കഴിഞ്ഞത്. ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ് നിപ ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു ചികിത്സ നടത്തിയതെന്നും അധികൃതർ അറിയിച്ചു. രണ്ടാം തവണയും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു പേരുടെയും ഫലം നെഗറ്റിവായതോടെ ഇരുവരും രോഗമുക്തരായതായി മിംസ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാഴ്ചത്തെ ചികിത്സക്കു ശേഷമാണ് ഇവർ രോഗമുക്തരായത്.
രോഗമുക്തി നേടിയെങ്കിലും മകനെ ഒന്ന് കെട്ടിപ്പുണരാൻ മാതാവിന് ഇനിയും കാത്തിരിക്കേണ്ടിവരും. രണ്ടാഴ്ച കൂടി ഇവർ വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നതാണ് കാരണം. എങ്കിലും മകനെയും സഹോദരനെയും തിരികെ കിട്ടിയ സന്തോഷത്തിലാണവർ.
ചികിത്സച്ചെലവു മുഴുവൻ മിംസ് തന്നെയാണ് വഹിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ ഡോ. എ.എസ്. അനൂപ് കുമാർ, മിംസിലെ പീഡിയാട്രിക് ഇന്റൻസിവ് കെയർ യൂനിറ്റ് സീനിയർ കൺസൽട്ടന്റ് ഡോ. കെ. സതീഷ് കുമാർ, പൾമണോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. സിജിത്ത്, പീഡിയാട്രിക് വിഭാഗം തലവൻ സുരേഷ് കുമാർ, മിംസ് ചീഫ് ഓപറേറ്റിങ് ഓഫിസർ പി. ലുക്മാൻ, മോളിക്യുലാർ ലാബ് മേധാവി ഡോ. വിപിൻ, ചീഫ് നഴ്സിങ് ഓഫിസർ ഷീലാമ്മ ജോസഫ്, ഇൻഫെക്ഷൻ കൺട്രോൾ നഴ്സിങ് വിഭാഗം ഹെഡ് അന്നമ്മ, എമർജൻസി ടീമിനെ പ്രതിനിധാനം ചെയ്ത് ഡോ. ജിജിൻ ജഹാംഗീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.