നിപയിൽ ആദ്യ ആശ്വാസ വാർത്ത; മൂന്ന് ആക്ടീവ് കേസുകളിൽ ഒരാളുടെ പനി മാറി
text_fieldsകോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലേക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങുന്നതിനിടെ ആദ്യ ആശ്വാസ വാർത്തയെത്തി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ പനി മാറിയെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. അണുബാധ കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ, നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം, ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന് ലഭിക്കും. പൂണെയിൽ നിന്ന് മൊബൈൽ പരിശോധന യൂണിറ്റും ഇന്ന് കോഴിക്കോടെത്തുമെന്നാണ് വിവരം.
എറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ 24കാരനാണ്. ഇതോടെ ജില്ലയിൽ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നുപേരാണ് ചികിത്സയിലുള്ളത്.
നേരത്തെ മരിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ് പതുതായി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകൻ.
നിലവിൽ ആകെ 706 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.