ആദ്യ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാന്‍ പദവി മാനന്തവാടി നഗരസഭക്ക്
text_fieldsമാനന്തവാടി: പൊതുജന പങ്കാളിത്തത്തോടെ തയാറാക്കിയ സംസ്ഥാനത്തെ ആദ്യ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാന്‍ പദവി മാനന്തവാടി നഗരസഭക്ക്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 2018ല്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷം നടത്തിയ ഡോക്യുമെന്റേഷന് പഠനത്തിന്റെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് മാനന്തവാടി നഗരസഭയുടെ അപകടസാധ്യത കണക്കിലെടുത്ത് മാസ്റ്റർ പ്ലാന്‍ 2043 തയാറാക്കിയത്. ഐ.ഐ.ടി കോഴിക്കോട് കേന്ദ്രം, അക്കാദമിക് സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ടൗണ്‍ പ്ലാനിങ് വിഭാഗം, ജില്ല ഭരണകൂടം എന്നിവര്‍ 2018ലെ പ്രളയത്തിനുശേഷം അപകടബാധിത പ്രദേശത്ത് ഭവന ക്ലസ്റ്ററുകള്‍ കണ്ടെത്തി സാമൂഹിക-സാമ്പത്തിക-ശാരീരിക-മാനസിക പാരാമീറ്ററുകള്‍ ഉപയോഗിച്ച് ദുര്‍ബലത വിലയിരുത്തി.
പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന പരിഗണന നല്‍കിയും നഗരസഭയില്‍ ആസൂത്രിത സ്ഥലപര വികസനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയെ വിവിധ മേഖലകളാക്കി തിരിച്ച് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആര്.ആര്.എഫ് ആന്‍ഡ് ഇ- വേസ്റ്റ് മാനേജ്മെന്റ് സൗകര്യം, സ്പോര്‍ട്സ് കോംപ്ലക്സ്, ട്രക്ക് ടെര്‍മിനല്‍, ഇൻഡസ്ട്രിയല്‍ പാര്‍ക്ക്, ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനല്‍ കോംപ്ലക്സ്, എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍, ടൗണ്‍ സ്ക്വയര്‍, എയര്‍ സ്ട്രിപ്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍, ഐ.ടി പാര്‍ക്ക്, മുനിസിപ്പല്‍ ഓഫിസ് കോംപ്ലക്സ്, ഓപണ്‍ മാര്‍ക്കറ്റ്, ടൂറിസം പ്രോജക്ട്, പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്ഡന് തുടങ്ങിയ മുന്‍ഗണന പദ്ധതികളും മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഏതു കാലാവസ്ഥയും പ്രതിരോധിക്കുന്ന തരത്തില്‍ 15ഓളം റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വികസന പദ്ധതിയും ആവിഷ്കരിക്കേണ്ട ഘട്ടം, സാമ്പത്തിക സ്രോതസ്സ്, നടപ്പാക്കേണ്ട ഏജന്‍സി എന്നിവയും മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.