തത്കാലം ‘H’ മാറില്ല, പക്ഷേ ആദ്യം കർശന റോഡ് ടെസ്റ്റ്
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം കടുത്ത എതിർപ്പുകളിൽ വഴിമുട്ടിയ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകാരെ നേരിടാൻ പൂഴിക്കടകനുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ.
പുതിയ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കനത്തതോടെ നിലവിലെ ക്രമീകരണങ്ങൾ തന്നെ കടുപ്പിച്ച് ടെസ്റ്റുകൾ കർക്കശമാക്കാനാണ് നീക്കം. ആദ്യം റോഡ് ടെസ്റ്റ് നടത്തി അതിൽ പാസാകുന്നവർക്ക് മാത്രം ‘H’ ടെസ്റ്റ് എന്നതാണ് പരിഷ്കരണം. ഇപ്പോൾ ‘H’ ടെസ്റ്റിൽ പാസായാലാണ് റോഡ് ടെസ്റ്റ്.
റോഡ് ടെസ്റ്റ് കടുപ്പിക്കുന്നതോടെ കൂടുതൽ പഠിതാക്കളും പരാജയപ്പെടും. നിലവിൽ ഉദാര സമീപനമാണ് റോഡ് ടെസ്റ്റിലുള്ളത്. H പാസായാൽ ലൈസൻസായി എന്ന ധാരണയാണ് ഇപ്പോൾ.
എന്നാൽ, സീറ്റ് ബെൽറ്റും ഇൻഡിക്കേറ്ററും റോഡിലെ തിരക്കും കയറ്റവും ഇറക്കവും യൂടേണുമെല്ലാം കർക്കശമാക്കുന്നതോടെ അധിക പേർക്കും കടമ്പ കടക്കാനാവില്ല. ഇതിലൂടെ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
മാത്രമല്ല, പരിഷ്കാരങ്ങളിൽ നിന്ന് ഗതാഗത മന്ത്രി പിന്നോട്ടില്ലെന്ന ധാരണ സൃഷ്ടിക്കാനുമാകും. ‘H’ ന് പകരം റോഡ് ടെസ്റ്റ് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കുലറൊന്നും ഇതുവരെയും ഇറങ്ങിയിട്ടില്ല.
സമരം പ്രഖ്യാപിച്ച് സി.ഐ.ടി.യു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ചും സമരം പ്രഖ്യാപിച്ചും സി.ഐ.ടി.യു. മേയ് രണ്ടിന് ഡ്രൈവിങ് സ്കൂകളുകളെല്ലാം ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിക്കും. അനിശ്ചിത കാല പണിമുടക്കിന് നോട്ടീസും നൽകും. അന്നേദിവസം എല്ലാ ആർ.ടി.ഒ, ജോയന്റ് ആർ.ടി.ഒ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിഷ്കരണം നടപ്പാക്കുന്നതിനു മുമ്പ് ഡ്രൈവിങ് സ്കൂൾ പ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും ഇതുവരെയും മന്ത്രി അതിനു മുതിർന്നിട്ടില്ല. മാത്രമല്ല, നിലവിലെ ‘എച്ച്’ അടക്കം പുതിയ രീതിയിൽ നടപ്പാക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരിഷ്കരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഗതാഗത കമീഷണറേറ്റിലെ ഉദ്യോഗസ്ഥരും കൈമലർത്തുകയാണെന്ന് ഭാരവാഹികൾ പറയുന്നു.
പരിഷ്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സി.ഐ.ടി.യുവിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.