15ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം, സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എമാർ; എ.കെ.എം അഷ്റഫ് കന്നഡയിലും എ. രാജ തമിഴിലും സത്യവാചകം ചൊല്ലി
text_fieldsതിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തത്.
അക്ഷരമാലാ ക്രമത്തിൽ വള്ളിക്കുന്ന് നിന്നുള്ള മുസ് ലിം ലീഗ് അംഗം അബ്ദുൽ ഹമീദ് മാസ്റ്റർ ആദ്യവും വടക്കാഞ്ചേരിയിൽ നിന്നുള്ള സി.പി.എം അംഗം സേവ്യർ ചിറ്റിലപ്പള്ളി അവസാനമായും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ആബിദ് ഹുസൈൻ തങ്ങൾ, അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവർ സത്യവാചകം ചൊല്ലി.
മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്റഫ് കന്നഡയിലും ദേവികുളത്തിൽ നിന്നുള്ള എ. രാജ തമിഴിലും പാലായിൽ നിന്നുള്ള മാണി സി. കാപ്പൻ, മൂവാറ്റുപ്പുഴയിൽ നിന്നുള്ള മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി. മുസ് ലിം ലീഗ് അംഗമായ എം.കെ. മുനീറും സി.പി.എം അംഗങ്ങളായ ആന്‍റണി ജോണും ദലീമ ജോജോയും ദൈവനാമത്തിൽ പ്രതിജ്ഞ എടുത്തു.
വടകരയിൽ നിന്നും സഭയിലെത്തിയ ആർ.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ്. സഗൗരവ പ്രതിജ്ഞയാണ് രമ എടുത്തത്.
വിശ്രമത്തിലുള്ള മന്ത്രി വി. അഹ്ദുറഹ്മാനും ക്വാറന്‍റീനിലായ എം. വിൻസെന്‍റ്, കെ. ബാബു (നെന്മാറ) എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.
ചൊവ്വാഴ്ച സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. സി.പി.എം അംഗം എം.ബി. രാജേഷ് ഭരണകക്ഷിയുടെയും കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെയും സ്പീക്കർ സ്ഥാനാർഥികളാണ്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ സഭ ചേരില്ല. വെള്ളിയാഴ്ച പുതിയ സർക്കാറിന്റെ നയപ്രഖ്യാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മേയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ജൂൺ മൂന്നിന് ഗവൺമെന്റ് കാര്യം. ജൂൺ നാലിന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.