ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി; ഔദ്യോഗിക സ്വീകരണം ഒക്ടോബർ 15ന്
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പദ്ധതി പ്രദേശത്തേക്ക് അടുക്കുന്നതായി റിപ്പോർട്ട്. രാവിലെ എട്ടരയോടെയാണ് ചൈനയിൽ നിന്നുള്ള ഷാൻഹായ് പി.എം.സിയുടെ ഷെൻഹുവ 15 എന്ന കപ്പൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് എത്തിയത്. ഇന്നു തന്നെ കപ്പലിന്റെ ബർത്തിങ് നടക്കുമെന്നാണ് വിവരം.
ആഗസ്റ്റ് 30നാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ഷാൻഹായ് തുറമുഖത്ത് നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. സെപ്റ്റംബർ 24ന് ഇന്ത്യൻ തീരത്ത് എത്തിയ കപ്പൽ വിഴിഞ്ഞം തീരത്ത് അടുക്കാതെ മുന്ദ്ര തുറമുഖത്തേക്ക് പോവുകയായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളുമായാണ് കപ്പൽ എത്തിയത്. 100 മീറ്റർ ഉയരമുള്ള ഒരു ഷിഫ്റ്റ് ഷോ ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് ഒക്ടോബർ 15ന് നടക്കും.
സെപ്റ്റംബർ 15ന് നടത്തിയ ചരക്ക് കപ്പലിനെ വാർഫിൽ അടുപ്പിക്കാനായി മുംബൈയിൽ നിന്ന് എത്തിച്ച ഓഷ്യൻ സ്പിരിറ്റ് എന്ന ടഗിന്റെ ഭാരശേഷി പരിശോധന വിജയമായിരുന്നു. ഇനി തുറമുഖത്തിനായി ക്രെയിനുകളുമായി വരുന്ന എല്ലാ കപ്പലുകളെയും വാർഫിലടുപ്പിക്കാനുള്ള ചുമതല ഓഷ്യൻ സ്പിരിറ്റിനാണ്. 17 വർഷം മുമ്പ് നിർമിച്ച, 33.98 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള ടഗിന് 175 ടണ്ണോളം ഭാരം വലിക്കാൻ ശേഷിയുണ്ട്.
2024 മേയിൽ ആദ്യഘട്ടം കമീഷനിങ് നടത്താൻ സാധിച്ചേക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അതിനിടെ, ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 800 മീറ്റർ ബെർത്തിൽ കപ്പലടുപ്പിക്കും മുമ്പ് 400 മീറ്റർ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ, 270 മീറ്റർ മാത്രമാണ് പൂർത്തിയായത്. എന്നാലും, മന്ത്രിസഭ പുനഃസംഘടന നടക്കുംമുമ്പ് കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങൊരുക്കാനും ആഘോഷമാക്കാനും തീരുമാനിക്കുകയായിരുന്നു. ഇത് കമീഷനിങ്ങാണെന്ന പ്രതീതി ജനിപ്പിച്ചും മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചും തുറമുഖത്തെ അനുകൂലിക്കുന്ന സമൂഹമാധ്യമ സംഘങ്ങൾ ആഘോഷത്തിലാണ്.
പറഞ്ഞ സമയത്തിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ, അദാനി ഗ്രൂപ്പിനെ ഒഴിവാക്കാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി, 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലെ മഹാമാരിയും പ്രളയവും 2017 നവംബറിൽ തുറമുഖപദ്ധതി പ്രദേശത്ത് 11 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം എന്നിവയടക്കമുള്ള 16 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ് സമയം നീട്ടിച്ചോദിച്ച് ആർബിട്രേഷന് പോയത്.
പി.പി.പി മോഡലിൽ സ്വകാര്യ പങ്കാളിക്ക് 30 വർഷമാണ് പ്രവർത്തനത്തിനുള്ള സ്റ്റാൻഡേർഡ് കാലാവധി. എന്നാൽ, 40 വർഷം നൽകിയതിലൂടെ അധിക 10 വർഷം അദാനി ഗ്രൂപ്പിന് കോടികളുടെ ലാഭമുണ്ടാക്കാൻ ഇടവരുത്തിയെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടം നിർമാണം പൂർത്തിയാകുംമുമ്പ് രണ്ടും മൂന്നും ഘട്ടം നിർമാണം നടത്താൻ അനുമതി നൽകണമെന്ന സർക്കാർ ഏജൻസിയായ വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് കേന്ദ്രത്തിനു നൽകിയ അപേക്ഷ തള്ളി.
പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും ആക്ഷേപങ്ങളും കേൾക്കാതെതന്നെ അടുത്ത ഘട്ടത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് അപേക്ഷ തള്ളാൻ കാരണം. ഈ അപേക്ഷ സ്വീകരിച്ചാൽ പ്രവർത്തന കാലാവധി 60 വർഷമായി ഉയർത്തിക്കിട്ടുമെന്ന ലാഭം അദാനി ഗ്രൂപ്പിനുണ്ട്. സർക്കാർ ഏറ്റെടുത്ത ഭൂമി ലോക ബാങ്കിലടക്കം പണയം വെക്കാനുള്ള അധികാരം അദാനി ഗ്രൂപ്പിന് നൽകിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.