കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം- വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ബേണ്‍സ് യൂനിറ്റുകളെ ശക്തിപ്പെടുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്.
കെ. സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമീഷന്‍ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്‌ലൈന്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങള്‍ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂനിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബേണ്‍സ് യൂനിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടി ബേണ്‍സ് യൂനിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബേണ്‍സ് യൂനിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസല്‍ 15 ദിവസത്തിനകം വർക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഏകീകൃത ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളജുകളിലെ ബേണ്‍സ് ഐ.സി.യുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 20 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐ.സി.യുവിലൂടെ നല്‍കുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ബേണ്‍സ് യൂനിറ്റ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.